Kerala News
നടന്‍ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍; ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 06, 04:52 pm
Wednesday, 6th April 2022, 10:22 pm

നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി.

ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് ശേഷം അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.

Content Highlight: Actor Sreenivasan in ventilator