ചില നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് ശ്രീനിവാസന്‍. രാഷ്ട്രീയക്കാരേയും സിനിമാക്കാരേയുമെല്ലാം പല അവസരങ്ങളില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം തന്നെ രാഷ്ട്രീയരംഗത്തെ പല നേതാക്കളുമായും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാള്‍ കൂടിയാണ് ശ്രീനിവാസന്‍.
ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. തന്റെ രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ രംഗത്തുള്ളവരുമുള്ളവരുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഒരു ട്രെയിന്‍ യാത്രിക്കിടെയുണ്ടായ അനുഭവമാണ് ശ്രീനിവാസന്‍ പങ്കുവെക്കുന്നത്. പാര്‍ട്ടിയുടെ പല നേതാക്കളുമായും വ്യക്തിബന്ധമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി.
‘ എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരാണ് എന്നുപറഞ്ഞ് അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമുണ്ടോ? ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു അതെ, എന്താണ് കാര്യം? ഒരാള്‍ക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്. ആര്‍ക്കാ? ഞാന്‍ ചോദിച്ചു.
പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ട് വരും. ഞാന്‍ പറഞ്ഞു. വേണ്ട. അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ അങ്ങോട്ട് പോകാം. അന്ന് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്‍ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.
എന്നെ കളരി പഠിപ്പിക്കാനൊന്നും അച്ഛന്‍ ശ്രമിച്ചിട്ടില്ല. പിന്നെ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കളരിക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്. കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കല്‍ ഉപകാരമുണ്ടായിട്ടുണ്ട്.