Entertainment news
വര്‍ക്കിനെ മാത്രം വിലയിരുത്തിയാല്‍ പോരേ, പേഴ്‌സണലി അറിയാതിരിക്കുന്നതാണ് നല്ലത്; നമ്മളെല്ലാവരും നല്ല അഴുക്കുള്ള മനുഷ്യരാണ്, പക്ഷെ നല്ലത് മാത്രം ആള്‍ക്കാരെ കാണിക്കും: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 24, 11:38 am
Saturday, 24th September 2022, 5:08 pm

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതികാര കഥയാണ് സിനിമ പറയുന്നത്.

ഇതിനിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി വരികയും താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

എല്ലാ മനുഷ്യര്‍ക്കും ചീത്ത സ്വഭാവമുണ്ടെന്നും മനുഷ്യരുടെയുള്ളില്‍ അഴുക്കുണ്ടെന്നും അതുകൊണ്ട് വ്യക്തി ജീവിതത്തെ നോക്കാതെ വര്‍ക്കിനെ മാത്രം വിലയിരുത്തുന്നതാണ് നല്ലതെന്നും പറയുകയാണ് ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി.

ശ്രീനാഥ് ഭാസിയെ കുറിച്ച് ഒരു പുസ്തകമെഴുതുകയോ സിനിമ ചെയ്യുകയോ ആണെങ്കില്‍ അത് എങ്ങനെയായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”പ്ലീസ് നോ ബുക്‌സ്. ഞാന്‍ അഭിനയിച്ചാല്‍ പോരേ, എന്തിനാ എന്നെക്കുറിച്ച് പടമെടുക്കുന്നേ. ഞാന്‍ പടങ്ങള്‍ ചെയ്താല്‍ പോരേ, എന്നെക്കുറിച്ച് എന്തിനാ പടം.

ബുക്ക് ഒന്നും എഴുതേണ്ട ഒരു കാര്യവുമില്ല. ഞാന്‍ ആവശ്യത്തിന് ഫിലിം കണ്ടന്റുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് പോരേ. പേഴ്‌സണലി മനുഷ്യരെ അധികം അറിയാതിരിക്കുന്നതാണ് നല്ലത്.

അവരുടെ വര്‍ക്കിനെയും അതിന്റെ ക്വാളിറ്റിയെയും മാത്രം അപ്രീഷ്യേറ്റ് ചെയ്താല്‍ പോരേ. മനുഷ്യരെല്ലാവരും ചീത്തയാ. നമ്മള്‍ എല്ലാവരും ചീത്തയാണ്.

എന്റെ ഉള്ളില്‍ നിറച്ച് അഴുക്കാണ്. നമ്മള്‍ ഈ അഴുക്കൊക്കെ മറച്ചുവെച്ച് നല്ലത് മാത്രം ആള്‍ക്കാരെ കാണിക്കും. നമ്മളെല്ലാവരും നല്ല അഴുക്കുള്ള മനുഷ്യരാണ്.

അതുകൊണ്ട് നമ്മള്‍ ചെയ്യുന്ന വര്‍ക്കിനെ മാത്രം അഭിനന്ദിക്കുന്നതാണ് നല്ലത്,” ശ്രീനാഥ് ഭാസി പറഞ്ഞു.

സെപ്റ്റംബര്‍ 23നായിരുന്നു ചട്ടമ്പി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മൈഥിലി, ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അഭിലാഷ് എസ്. കുമാറാണ് ചട്ടമ്പി സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: Actor Sreenath Bhasi about his personal life and movie career