ചെന്നൈ: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് വിവിധ മേഖലകളില്‍ നിന്നും അഭിനന്ദപ്രവാഹമെത്തുകയാണ്. നടന്‍ സിദ്ധാര്‍ത്ഥും പിണറായിയെ അഭിനന്ദിച്ച് ട്വിറ്ററിലെഴുതി.
‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപ്പറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി.
ഇതിന് തൊട്ടുപിന്നാലെ അത് അക്ഷരത്തെറ്റല്ലെന്ന മറുപടിയുമയി സിദ്ധാര്‍ത്ഥ് എത്തി. ‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റില്‍ ‘അടിച്ചു പൊളിച്ചു കേരളം’ എന്നും സിദ്ധാര്‍ത്ഥ് മംഗ്ലിഷില്‍ എഴുതി.
രാഷ്ട്രീയരംഗത്ത് നിന്നും നിരവധി പേരാണ് പിണറായിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. 44 വര്‍ഷത്തിനിടയില്‍ ആദ്യമായി സംഭവിച്ച ഈ തുടര്‍ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
’44 വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടതാണ് നമ്മുടെ കടമ. കൊവിഡിനും വര്‍ഗീതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ നമ്മള്‍ പിന്തുണയ്ക്കണം,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തുവന്നു. ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. 41 സീറ്റില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ ഒറ്റ സീറ്റില്‍ പോലും എന്‍.ഡി.എയ്ക്ക് ലീഡില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക