കൊച്ചി: മലയാള സിനിമ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അതിന് ഉദാഹരണമാണ് മഹേഷ് നാരായണനും ഫഹദ് ഫാസിലും അഭിനയിച്ച സീ യു സൂണ്‍ എന്ന സിനിമയെന്നും നടന്‍ സിദ്ദീഖ്. ഏതെങ്കിലും പഴയ തലമുറയില്‍പ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂണ്‍ എന്നൊരു സിനിമ ആലോചിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ പ്രതികരണം.
മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനെയും ഒരു ജയിലിനകത്താക്കിയാല്‍ അവര്‍ അവിടെ വെച്ചും സിനിമ ചെയ്യുമെന്നും സിദ്ദീഖ് പറഞ്ഞു.
‘ഏതെങ്കിലും പഴയ തലമുറയില്‍പ്പെട്ട ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ സീ യു സൂണ്‍ എന്നൊരു സിനിമ ആലോചിക്കാന്‍ പറ്റുമോ? ഒരു മൊബൈല്‍ സ്‌ക്രീനിലൂടെ കാണുന്ന കാര്യങ്ങള്‍ മാത്രം നമ്മള്‍ വലിയ സ്‌ക്രീനില്‍ കൊണ്ട് വന്ന് കാണിച്ച് രണ്ട് മണിക്കൂറോളം നമ്മളെ അത്ഭുതപ്പെടുത്തി ഇരുത്തിയില്ലേ.
അപ്പോള്‍ ഞാന്‍ അത് തമാശയായി പറഞ്ഞു, ഇങ്ങനെയുള്ള ആളുകളെയാണ് ചില സംഘടനകള്‍ നിരോധിക്കാന്‍ പോകുന്നത്. മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനെയും നമ്മള്‍ കൊണ്ടു പോയി ജയിലിട്ടു എന്ന് വിചാരിക്കുക, അവര്‍ അവിടെയിരുന്നും സിനിമയുണ്ടാക്കും,’ സിദ്ദീഖ് പറഞ്ഞു.
പുതിയ തലമുറയിലുള്ള ആളുകള്‍ എടുക്കുന്ന സിനിമയെപ്പെറ്റി വിമര്‍ശിച്ച് പഴയതലമുറയില്‍പ്പെട്ട ആളുകള്‍ സംസാരിച്ച് കേട്ടിട്ടുണ്ട്. പക്ഷെ സിനിമ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ എന്തെല്ലാം കഥകളാണ് ആലോചിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
മലയാള സിനിമയിലെ പുതിയ തലമുറയോട് തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്നും സിദ്ദീഖ് അഭിമുഖത്തില്‍ വ്യക്തമാക്കി.
അത്രയും സെന്‍സ് ഉള്ള ആളുകളാണ് ഇപ്പോഴുള്ളത്. എനിക്ക് പുതിയ തലമുറയില്‍പ്പെട്ട ആളുകളോട് വലിയ ബഹുമാനവും അവരുടെ സിനിമകളോട് വലിയ സ്‌നേഹവുമാണ്. ഞാന്‍ ഇവരുടെയൊക്കെ എല്ലാ സിനിമകളും കാണുന്നതാണ്. മഹേഷിനോട് മാത്രമല്ല, ദിലീഷിനോട് ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്.
ഉയരെയുടെ സെറ്റിലോ മറ്റോ വെച്ച് ദിലീഷ് കുമ്പളങ്ങിയുടെ കുറേ ഫൂട്ടേജ് കാണിച്ച് തന്നു. എനിക്ക് ഇതൊക്കെ കാണുമ്പോള്‍ അത്ഭുതമാണ്. ബെന്നിയുടെ മകളായ അന്നബെന്‍, അവളെ ചെറുതായിരിക്കുമ്പോള്‍ കാണുന്നതാണ്. എന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. അവളൊക്കെ ഇങ്ങനെ അഭിനയിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നും. ഞാന്‍ അവളോട് തന്നെ ചോദിക്കും, നീ എവിടുന്ന് പഠിച്ചു ഇതൊക്കെ എന്ന്,’ സിദ്ദീഖ് പറഞ്ഞു.
താനൊക്കെ സിനിമ കണ്ട് നടക്കുന്ന സമയത്താണ് അന്നയൊക്കെ ഇത്ര ഭംഗിയായി അഭിനയിക്കുന്നത്. ഈ യുവതലമുറയെ അംഗീകരിക്കാന്‍ കഴിയുന്നതുകൊണ്ടാവാം തനിക്കും അവരുടെ ഒപ്പം അഭിനയിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.