മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ ഷെയ്ന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിലെ നായക നിരയിലേക്കെത്തുന്നത്.
തന്റെ സിനിമ ജീവിതത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷെയ്ന്‍. സിനിമയാണ് തന്റെ കരിയറെന്ന് ഇപ്പോഴും ഉറപ്പിച്ചിട്ടില്ലെന്നാണ് ഐ ആം വിത്ത് ധന്യവര്‍മ്മ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറയുന്നത്. ഒഴുക്കിനൊപ്പം മുന്നോട്ടുപോകുകയാണ് താന്‍ എന്നാണ് ഷെയ്‌ന്റെ വാക്കുകള്‍.
‘ ഇത് തന്നെയാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ ഇതുവരെ ഡിസിഷന്‍ എടുത്തിട്ടില്ല. എന്നെ കൊണ്ടുവന്നതിനോടൊപ്പം ഞാന്‍ പോവുന്നു എന്ന് മാത്രം. അത്തരം ഒരു തിരുമാനം എടുക്കാനുള്ള കഴിവ് നമുക്ക് തന്നിട്ടില്ല. എന്നാലും ഞാന്‍ ചെയ്യുന്നത് എന്താണോ അത് ഞാന്‍ അത്രയും സീരിയസ്സ് ആയിട്ടേ ചെയ്യാറുള്ളൂ. എന്നെകൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം ചെയ്യാന്‍ ശ്രമിക്കാറുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.
രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസ് പോലുള്ള ഒരു സിനിമ എന്തുകൊണ്ടാണ് നഷ്ടപ്പെടുത്തിയതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ വിഷമം തോന്നുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി.
‘എനിക്ക് ചില കാര്യങ്ങള്‍ പകുതി മനസ്സില്‍ ചെയ്യാനാവില്ല. ഏതൊരു കാര്യവും മുഴുവനായി മനസ്സുകൊണ്ട് ആഗ്രഹിച്ചാവും ചെയ്യുന്നത്. അതുപോലെയാണ് സിനിമയും. സ്റ്റീവ് ലോപ്പസിനെ കുറിച്ച് പറഞ്ഞാല്‍ അതിലെ ചില ആശയങ്ങള്‍ സാര്‍ എന്നോട് ഷെയര്‍ ചെയ്തിരുന്നു. ഒരിക്കലും ഒരു സ്റ്റാര്‍ ആയിട്ടൊന്നുമല്ല ഞാന്‍ സാറിനോട് സംസാരിച്ചത്. ചില ആശയങ്ങളില്‍ എനിക്ക് കണ്‍ഫ്യൂഷനുണ്ട്, അതുകൊണ്ട് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹം തന്നെയാണ് അതിന് ശേഷം കിസ്മത്തിലേക്ക് എന്നെ വിളിക്കുന്നത്.
വേറെ ഏതെങ്കിലുമൊരു വ്യക്തിയായിരുന്നെങ്കില്‍ പിന്നീട് എനിക്ക് കിസ്മത്ത് പോലൊരു സിനിമ കിട്ടില്ല. ഭയങ്കര ഒരു വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കണ്ടതില്‍ വെച്ച് നല്ല മനുഷ്യന്‍. അടുത്തു നില്‍ക്കുന്ന ആള്‍ക്കാരെ അത്രയും പരിഗണിക്കുന്ന വ്യക്തി. ഒരാള്‍ നമ്മുടെ കൂടെയുണ്ടെന്ന ഒരു പ്രൊട്ടക്ഷന്‍ നമുക്ക് ഫീല്‍ ചെയ്യും.
എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇമോഷണല്‍ ആയിപ്പോകും. ഭയങ്കര അടിപൊളി വ്യക്തിയാണ്. പവര്‍ഫുള്ളാണ്. ഡൗണ്‍ ടു എര്‍ത്താണ്. എല്ലാവരേയും ഒരേ പോലെ കാണുന്ന ആളാണ് അദ്ദേഹം.
സിനിമയില്‍ അല്ലാതെ പുറത്ത് വര്‍ക്ക് ചെയ്യുന്നവരേയും സിനിമയിലെ മെയിന് ലീഡ് ചെയ്യുന്ന താരത്തേയും ഒരേപോലെ കാണുന്ന ആള്‍. അങ്ങനെ ആരേയും ഞാന്‍ വേറെ കണ്ടിട്ടില്ല.
വലിയൊരു ആക്ടര്‍ വരുമ്പോള്‍ വേറൊരു രീതി ചിലര്‍ കാണിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ അങ്ങനെ കാണിക്കാറില്ല. നമുക്ക് എല്ലാവരോടും ഇഷ്ടവും സ്‌നേഹവും ആണ്. അതിനെ വേര്‍തിരിക്കാന്‍ എനിക്ക് പറ്റില്ല. അതൊക്കെ ഞാന്‍ സാറില്‍ നിന്നും കണ്ടു പഠിച്ചതായിരിക്കും. അങ്ങനെ ഒരു വ്യക്തിയാണ് അദ്ദേഹം,’ ഷെയ്ന്‍ പറഞ്ഞു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് അച്ഛന്‍ തന്ന ഉപദേശം എന്തായിരുന്നെന്ന ചോദ്യത്തിന് എന്ത് ചെയ്താലും അതില്‍ ഏറ്റവും മികച്ചത് നല്‍കാന്‍ കഴിയണം എന്നായിരുന്നു വാപ്പച്ചി നല്‍കിയ ഉപദേശമെന്നായിരുന്നു ഷെയ്‌നിന്റെ മറുപടി.
ആക്ഷന്‍ ചെയ്യുകയാണെങ്കിലും ഡാന്‍സ് ചെയ്യുകയാണെങ്കിലും അഭിനയിക്കുകയാണെങ്കിലുമൊക്കെ ഏറ്റവും നന്നായി ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ അത് റിയല്‍ ആകണമെന്നും ജീവിക്കുകയാണെന്ന് തോന്നണമെന്നും വാപ്പച്ചി പറയുമായിരുന്നു,’ ഷെയ്ന്‍ പറഞ്ഞു.
ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് സിനിമക്ക് ശേഷം ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍, ബാബുരാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ ലിറ്റില്‍ ഹാര്‍ട്‌സ്’ റിലീസിനോരുങ്ങുകയാണ്.
ആന്റോ ജോസ് പെരേര, എബി ട്രീസാ പോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിക്കുന്നു. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. മെയ് 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Actor Shane Nigam about Director Rajeev ravi