എന്റെ വീടിന് മുന്നില്‍ പൊലീസുകാര്‍ അറസ്റ്റുവാറണ്ടുമായി എത്തി, അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; അനുഭവം പങ്കുവെച്ച് സലിം കുമാര്‍
Malayalam Cinema
എന്റെ വീടിന് മുന്നില്‍ പൊലീസുകാര്‍ അറസ്റ്റുവാറണ്ടുമായി എത്തി, അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; അനുഭവം പങ്കുവെച്ച് സലിം കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 2:31 pm

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കെതിരെ വന്ന ഒരു പൊലീസ് കേസിനെപറ്റിയും പൊലീസുകാര്‍ തന്നെ അറസ്റ്റു ചെയ്യാനായി വീട്ടില്‍ എത്തിയതിനെ കുറിച്ചും പറയുകയാണ് നടന്‍ സലീം കുമാര്‍.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലായിരുന്നു അന്ന് തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നതെന്നും ആ കേസിന്റെ പേരില്‍ ഏറെക്കാലം തനിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും സലിം കുമാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ അതൊരു രസകരമായ കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ ജയന്‍ എന്ന എന്റെ സുഹൃത്ത് വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. മണിയുണ്ട്, ഞാനുണ്ട്, ജയന്‍, സജീവ് അങ്ങനെ ഞങ്ങളുടെ ഒരു ഗാങ് ആണ് മുന്നിട്ടിറങ്ങിയത്.

ഞങ്ങളാണ് ഈ കാസറ്റിലെ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ചാരിറ്റി എന്ന രീതിയിലാണ് ഞങ്ങള്‍ ഈ കാസറ്റ് ചെയ്തത്. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റില്‍ കൃഷ്ണന്‍ കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് ഞാന്‍ ‘ഉള്ളാടന്‍’ എന്നാണ് പറയേണ്ടത്.

പരിപാടി കഴിഞ്ഞു കാസറ്റ് കച്ചവടം ചെയ്തു. അമ്പതിനായിരം രൂപയോളം അന്ന് കിട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സിനിമാ നടന്‍ ആയതിന് ശേഷം എന്റെ വീട്ടിന് മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുകയാണ്. അറസ്റ്റ് വാറന്റുണ്ട് എന്നാണ് പൊലീസുകാര്‍ പറയുന്നത്. ഞാന്‍ പേടിച്ചുപോയി.

ഉള്ളാട മഹാസഭ കേസ് കൊടുത്തിരിക്കുകയാണ്. പണ്ട് ഞാന്‍ ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ എന്ന് പറഞ്ഞതിനാണ്‌കേസ്. മണിയും സജീവും ഉള്ളാടന്‍ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതര്‍ ആയതുകൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല. പക്ഷേ എനിക്കെതിരെ കേസ് വന്നു. അവര്‍ പറയുന്നത് ദളിതര്‍ക്ക് ദളിതരുടെ ജാതി പറയാം. ഞാന്‍ ഈഴവനായതുകൊണ്ട് പറയാന്‍ പാടില്ല എന്നാണ്.

അങ്ങനെ ഞാന്‍ നിരന്തരം കോടതി കയറി ഇറങ്ങാന്‍ തുടങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി. ഒരു രക്ഷയുമില്ല. എന്നെ അറസ്റ്റ് ചെയ്ത് എറണാകുളം ഹൈക്കോടതിയിലാണ് ഹാജരാക്കിയത്. ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തില്‍ എന്നെ വിട്ടു. പിന്നെ സ്ഥിരം കോടതി കയറി ഇറങ്ങലായി.

ഒരു ദിവസം ഞാന്‍ സെഷന്‍ കോടതിയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ജഗതി ചേട്ടന്റെ വിതുര കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് കേസ് കഴിഞ്ഞു ജഗതി ചേട്ടന്‍ കോട്ടയത്തേക്ക് മടങ്ങുന്നു. ഞാന്‍ കോടതിയില്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവര്‍ ഭയങ്കര ചിരിയാണ്.

ഒരു കൊമേഡിയന്‍ പോയപ്പോള്‍ മറ്റൊരു കൊമേഡിയന്‍ വന്നു എന്ന് പറഞ്ഞാണ് ചിരിക്കുന്നത്. അന്ന് വണ്ടിയില്‍ നിന്ന് എന്റെ വക്കീല്‍ എന്നോട് പറയുകയാണ്. ജഗതി ചേട്ടന്‍ ചെയ്തതിലും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്തത് എന്ന് ‘ പിന്നീട് ആ കേസ് തള്ളിപ്പോയി, സലിം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Salim Kumar About Police Case and Arrest