കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ ചിത്രം കോള്‍ഡ് കേസ് ജൂണ്‍ 30 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇതിനിടെ മറ്റൊരു സന്തോഷവാര്‍ത്തയും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ലൂസിഫറിന് ശേഷം സംവിധാനം ചെയ്യാനിരുന്ന എംമ്പുരാന് മുമ്പായി ബ്രോഡാഡി എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്ന എന്നതായിരുന്നു ആ വാര്‍ത്ത.
ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ചിത്രം കൊവിഡ് കാലത്ത് ചെയ്യുന്ന ഒരു ചെറിയ ചിത്രമാണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടാണ് പൃഥ്വി ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയത്.
ഇതിനിടെയാണ് ഒരു ആരാധകന്‍ തമാശയായി ബ്രോഡാഡി ചെറിയ സിനിമയാണ് ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന് കമന്റ് ചെയ്തത്. പൃഥ്വിയുടെ മുന്‍ ചിത്രങ്ങളില്‍ പലതും സമാനമായ രീതിയില്‍ ചെറിയ സിനിമയാണെന്ന തരത്തില്‍ പ്രെമോഷന്‍ നടത്തുകയും പിന്നീട് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോളുള്ള അവസ്ഥയും സൂചിപ്പിച്ചുകൊണ്ടായിരുന്നു ആരാധകന്റെ കമന്റ്.
തുടര്‍ന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സത്യമായിട്ടും ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വി പറയുകയായിരുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ.
കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു. എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വി നേരത്തെ അറിയിച്ചിരുന്നു.
പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുമെടുക്കുന്ന ചിത്രം ലൂസിഫറില്‍ നിന്നും ഏറെ വ്യത്യസ്തമാകുമെന്നതിനാല്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ മറ്റൊരു മുഖം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.