നിവിന്‍ പോളി നായകനാകുന്ന പടവെട്ട് ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറയുകയാണ് നിവിന്‍. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടണമെങ്കില്‍ കഥയിലും നിര്‍മാണത്തിലും പുതുമ വേണമെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”പ്രേക്ഷകര്‍ക്ക് തൃപ്തിയുള്ള കഥകള്‍ കൊടുക്കണം എന്നാല്‍ മാത്രമെ അവര്‍ കാണുകയുള്ളു. ഒ.ടി.ടി വന്നതിന് ശേഷം എല്ലാവരും അപ്‌ഡേറ്റായി സിനിമ കാണുന്നുണ്ട്. ഫിലിമിന്റെ ക്വാളിറ്റിയിലും കഥപറയുന്ന രീതിയിലും പുതുമകള്‍ വേണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ആ ഒരു എക്‌സ്പീരിയന്‍സ് കിട്ടണമെന്നാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക. അങ്ങനെ ഒരു എക്‌സ്പീരിയന്‍സ് മീറ്റ് ചെയ്യാന്‍ കഴിയാതെ വരുമ്പോളാണ് അവര്‍ക്ക് തൃപ്തിക്കുറവ് വരുന്നത്. അങ്ങനെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കൊടുത്ത സിനിമകളെല്ലാം സമീപ കാലത്ത് ഹിറ്റ് അടിച്ചിട്ടുണ്ട്.
സിനിമ ചെയ്യുന്നതില്‍ ഒരുപാട് ഗ്യാപ്പ് വരുന്നുണ്ടെന്ന് എന്നോട് പലരും പറയാറുണ്ട്. തൃപ്തിയുള്ള സിനിമകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എപ്പോഴും സിനിമ തുടര്‍ച്ചയായി ചെയ്യണമെന്ന ചിന്തയിലേക്ക് ഞാന്‍ എത്തിയിട്ടില്ല. പെട്ടെന്ന് തന്നെ അടുത്ത സിനിമ ചെയ്തിരിക്കണമെന്ന ചിന്ത എനിക്ക് വരാറില്ല.
എന്നോട് കഥപറയുന്നവരോട് ഞാന്‍ എന്റെ സജഷന്‍ പറയാറുണ്ട്. കഥയെഴുതുന്നത് എളുപ്പമുള്ള പണിയല്ല. പക്ഷേ അവര്‍ എഴുതുന്ന കഥ ശരിയാണെന്ന് ചിന്തയിലാണ് നമ്മുടെ അടുത്ത് വരുക. എന്നാല്‍ അതില്‍ സംശയം ഉണ്ടാകുമ്പോള്‍ ഞാന്‍ ചോദിക്കും എന്റെ സജഷന്‍സ് പറയും. അങ്ങനെ എനിക്ക് ഓക്കെയാണെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യാറുള്ളു.
നമ്മള്‍ സജഷന്‍സ് പറയുമ്പോള്‍ അങ്ങനെ ചെയ്താല്‍ നന്നാവില്ലെന്നും അതിന്റെ കാരണങ്ങളും പറയുമ്പോള്‍ നമുക്ക് മനസിലാകും. അത്തരം ചര്‍ച്ചകളിലൂടെ കമ്യൂണിക്കേറ്റ് ചെയ്യുന്ന സിനിമകളുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കാറുള്ളത്,” നിവിന്‍ പറഞ്ഞു.
രവി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
content highlight: Actor Nivin pauly tells the reason for not doing films continuously