നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട, പ്രീസ്റ്റിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞതിനെ കുറിച്ച് നസീര്‍ സംക്രാന്തി
Malayalam Cinema
നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട, പ്രീസ്റ്റിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞതിനെ കുറിച്ച് നസീര്‍ സംക്രാന്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd May 2021, 5:41 pm

കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി മിമിക്രി വേദികളിലും സിനിമകളിലും സീരീയലുകളിലുമായി കലാരംഗത്ത് സജീവമായി നില്‍ക്കുന്ന താരമാണ് നസീര്‍ സംക്രാന്തി.

നാട്ടിലെ ചെറിയ വേദികളില്‍ തുടങ്ങിയ നസീറിന്റെ കലാജീവിതം ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ എത്തി നില്‍ക്കുകയാണ്. കഠിനമായ ദാരിദ്ര്യത്തേയും കഷ്ടപ്പാടുകളേയും അതിജീവിച്ചാണ് നസീര്‍ കലാരംഗത്ത് തന്റേതായ ഒരു ഇരിപ്പിടം നേടിയെടുക്കുന്നത്.

ഇതുവരെ നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഏതൊരു നടനേയും പോലെ തനിക്കും ആഗ്രഹമുണ്ടെന്നും പറയുകയാണ് മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തി മികച്ച നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് നല്‍കിയ നസീര്‍ സംക്രാന്തി.

വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്‌തെങ്കിലും നസീറിനെ ആളുകള്‍ തിരിച്ചറിയുന്നത് ‘തട്ടീം മുട്ടീം’ എന്ന മഴവില്‍ മനോരമയിലെ ഹാസ്യ പരമ്പരയിലൂടെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും നസീര്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. ദി പ്രീസ്റ്റില്‍ വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചതെന്നും വേണമെങ്കില്‍ കഥാപാത്രത്തെ സെമി വില്ലന്‍ എന്നുപറയാമെന്നുമാണ് നസീര്‍ പറയുന്നത്. ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞത് നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട എന്നായിരുന്നെന്നും നസീര്‍ പറയുന്നു.

പ്രേക്ഷകര്‍ക്ക് ഇന്ന് താന്‍ കമലാസനനാണെന്നും സംവിധായകന്‍ ഉണ്ണിച്ചേട്ടന്‍ വിളിച്ചിട്ട് ഒരു ദിവസത്തേക്കു പോയതാണെന്നും നസീര്‍ പറഞ്ഞു. അന്നത്തെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഞാന്‍ സീരിയലിലെ സ്ഥിരം സാന്നിധ്യമായി.

‘എല്ലാവരും കാണുന്ന ഒരു സീരിയല്‍ ആയതിനാല്‍ ഞാനും ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ‘കമലാസനന്‍’ എനിക്കു നേടിത്തന്നു,’ നസീര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Nazeer Sankranti About The Priest