നാലല്ല എമ്പുരാന്റെ കഥ അഞ്ച് പേര്‍ക്ക് അറിയാം; എന്നാല്‍ ഔട്ട് കം അറിയുന്നത് ഒരേ ഒരു വ്യക്തിക്ക്: നന്ദു
Entertainment
നാലല്ല എമ്പുരാന്റെ കഥ അഞ്ച് പേര്‍ക്ക് അറിയാം; എന്നാല്‍ ഔട്ട് കം അറിയുന്നത് ഒരേ ഒരു വ്യക്തിക്ക്: നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th December 2024, 2:52 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്.

ലൂസിഫറില്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദു എമ്പുരാനിലും ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും എമ്പുരാന്റെ കഥയെ കുറിച്ച് അറിയുന്നത് പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നീ നാല് പേര്‍ക്ക് മാത്രമാണെന്നും നന്ദു നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നാലല്ല അഞ്ച് പേര്‍ക്ക് എമ്പുരാന്റെ കഥയറിയാമെന്നും നന്ദു പറയുന്നു.

ആ ഇന്റര്‍വ്യൂവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ക്യാമറാമാന്‍ സുജിത്ത് വാസുദേവന്‍ അടക്കം അഞ്ച് പേര്‍ക്ക് കഥയറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ കഴിഞ്ഞതുകൊണ്ട് ചിത്രത്തിന്റെ എഡിറ്റര്‍ക്കും അസ്സോസിയേറ്റിനും കഥയറിയാമെന്നും എന്നാല്‍ മുഴുവന്‍ ഔട്ട് കം അറിയുന്നത് സംവിധായകന്‍ പൃഥ്വിരാജിന് മാത്രമാണെന്നും നന്ദു പറഞ്ഞു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു എമ്പുരാന്റെ കഥ നാല് പേര്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്ന്. എന്നാല്‍ അതെനിക്ക് തെറ്റുപറ്റി. നാല് പേര്‍ക്കല്ല അഞ്ച് പേര്‍ക്കാണ് എമ്പുരാന്റെ കഥ സത്യത്തില്‍ അറിയുന്നത്. ലാലേട്ടന്‍, സുജിത്ത്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, പിന്നെ പൃഥ്വിരാജ്. ഇവര്‍ അഞ്ച് പേര്‍ക്കാണ് എമ്പുരാന്റെ കഥ മുഴുവനും അറിയുന്നത്.

ഇപ്പോള്‍ സിനിമയുടെ ഷൂട്ട് കഴിഞ്ഞല്ലോ അതുകൊണ്ട് ചിത്രത്തിന്റെ എഡിറ്റര്‍ക്കും അസ്സോസിയേറ്റ് ആയിട്ടുള്ള ബാവക്കും ഒക്കെ അറിയുമായിരിക്കും. ഞാന്‍ അത് സത്യത്തില്‍ കുറച്ച് അതിശയോക്തിയില്‍ പറഞ്ഞതാണ്. എന്നാല്‍ ഇതിന്റെ ഔട്ട് കം അറിയുന്ന ഒരേ ഒരു വ്യക്തി മാത്രമേ ഉള്ളു. അത് പൃഥ്വിരാജാണ്,’ നന്ദു പറയുന്നു.

Content Highlight: Actor Nandhu Talks About Empuraan Movie