മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായ മുകേഷ് തന്റെ പഴയ സിനിമ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം സംസാരിച്ചത്.
വില്ലന്‍, സഹനടന്‍ തുടങ്ങി പലതരത്തിലുള്ള വേഷങ്ങളിലൂടെ മലയാളിയെ രസിപ്പിച്ച നടനായിരുന്നു പ്രതാപ് ചന്ദ്രന്‍. അദ്ദേഹവുമൊത്തുള്ള രസകരമായ ചില നിമിഷങ്ങളും തമാശകളും താരം ഓര്‍ത്തെടുത്തു.
‘പ്രതാപേട്ടന്‍ മരിക്കുന്നതിന്റെ തലേദിവസം വരെ അഭിനയിക്കുമെന്നാണ് എല്ലാരും പറഞ്ഞിരുന്നത്. കാരണം ഏത് വേഷം കിട്ടിയാലും അത്ര മനോഹരമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. കേന്ദ മന്ത്രി, ജഡ്ജി, കവല ചട്ടമ്പി അങ്ങനെ ഏത് വേഷവും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു.
പ്രതാപേട്ടന്‍ പറയുന്ന ചില തമാശകള്‍ കുത്തി കുത്തി ചോദിച്ചെങ്കില്‍ മാത്രമേ നമുക്ക് മനസിലാവുകയുള്ളു. ഒരു ദിവസം മദ്രാസിലുള്ള ഗുഡ് ലക്ക് തിയേറ്ററില്‍ ഞങ്ങളുടെ സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് എല്ലാവരും ഇറങ്ങി വരുകയായിരുന്നു. സിനിമയെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു.
എന്നാല്‍ പുറത്ത് വന്ന പ്രതാപേട്ടന്‍ പറഞ്ഞു ‘ഉര്‍വ്വശി ശാപം ഉപകാരം’ എന്ന്. എനിക്ക് ഒന്നും മനസിലായില്ല. എന്താ അങ്ങനെ പറഞ്ഞത് എന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു. എന്റെ മനസില്‍ വെറുതെ വന്നതാണെന്ന് പ്രതാപേട്ടന്‍ പറഞ്ഞു. ഞാന്‍ വിട്ടില്ല കുത്തി കുത്തി ചോദിച്ചു.
അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, എടാ ഞാന്‍ ഇപ്പോള്‍ ഇവിടെ നിക്കണ്ടതല്ല ഹൈദരാബാദില്‍ പോവേണ്ടതായിരുന്നു. പക്ഷെ എന്റെ ഭാഗത്ത് നിനിന്നും ചെറിയൊരു കയ്യബദ്ധം പറ്റി. അതെന്ത് പറ്റിയെന്ന് ചേദിച്ചപ്പോള്‍ ആദ്യം പറയാന്‍ തയ്യാറായില്ല. പിന്നെ ഞാന്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചു.
എടാ എന്നെ കാണാന്‍ കഴിഞ്ഞ ദിവസം ഓമല്ലൂരില്‍ നിന്നും ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ സ്വന്തം നാടാണ് ഓമല്ലൂര്‍. അയാള്‍ക്ക് ഇവിടെയൊരു ജോലി കിട്ടി. എന്റെ അടുത്ത സുഹൃത്താണ് അയാള്‍. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അങ്ങനെ ഇന്നലെ വൈകുന്നേരം ഹൈദരാബാദില്‍ പോവാന്‍ ഞാന്‍ ടിക്കറ്റൊക്കെ എടുത്ത് വെച്ചു.
കുറേക്കാലംകൂടി കണ്ടതല്ലെ ഞങ്ങള്‍ ഒന്നു മിനുങ്ങുകയും ചെയ്തിരുന്നു. ട്രെയ്ന്‍ വിടാന്‍ സമയമാകുന്നത് വരെ ഞങ്ങള്‍ സംസാരിച്ചു നിന്നു. അവസാനം ട്രെയിന്‍ എടുത്തപ്പോള്‍ എനിക്ക് പോകേണ്ട ട്രെയിനില്‍ നിര്‍ബന്ധിച്ച് ഞാന്‍ അയാളെ പറഞ്ഞുവിട്ടു. ശരിക്കും ഞാനല്ലേടാ പോവേണ്ടത് എന്നും പ്രതാപേട്ടന്‍ ചോദിച്ചു.
എനിക്കും അത്ഭുതം തോന്നി അത് കേട്ടപ്പോള്‍. അതുകൊണ്ടെന്താ ഇപ്പോള്‍ എനിക്ക് നല്ലൊരു സിനിമയുടെ പ്രിവ്യു കാണാന്‍ പറ്റിയല്ലോ എന്നും അദ്ദേഹം ആശ്വസിച്ചു,’ മുകേഷ് പറഞ്ഞു.
content highlight: actor mukesh shared hid old memories