റിവ്യൂ ചെയ്യുന്നവര്‍ സിനിമ എടുക്കുന്നതിനെപ്പറ്റി വലിയ ധാരണയില്ലാത്തവരായിരിക്കും; മുകേഷ്
Entertainment
റിവ്യൂ ചെയ്യുന്നവര്‍ സിനിമ എടുക്കുന്നതിനെപ്പറ്റി വലിയ ധാരണയില്ലാത്തവരായിരിക്കും; മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 6:18 pm

40 വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയും മുന്നൂറോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത നടനാണ് മുകേഷ്. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അയ്യര്‍ ഇന്‍ അറേബ്യ എന്ന സിനിമ കഴിഞ്ഞ മാസം റിലീസായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്മീറ്റിലാണ് റിവ്യൂ പേജുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘കുറച്ച് കാലമേ ആയുള്ളൂ മലയാളത്തില്‍ ഇങ്ങനെയൊരു പരിപാടി തുടങ്ങിയിട്ട്. ഷൈന്‍ പറഞ്ഞതുപോലെ റിവ്യൂ ഒന്നും ഞാനത് മൈന്‍ഡ് ചെയ്യാറില്ല. ഇവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞ സിനിമകള്‍ മോശമായിട്ടുണ്ട്. അതുപോലെ ഇവര്‍ മോശം പറഞ്ഞ സിനിമകള്‍ നന്നായിട്ടുമുണ്ട്. അതൊക്കെ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ സിനിമകളെ നിശിതമായി വിമര്‍ശിച്ചിരുന്ന ഒരാളുണ്ടായിരുന്നു മലയാളത്തില്‍. അന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയകള്‍ ഉണ്ടായിരുന്നില്ല. മാസികകളിലായിരുന്നു അയാള്‍ വിമര്‍ശിച്ചിരുന്നത്.

ആ സമയത്ത് എല്ലാ സിനിമാക്കാര്‍ക്കും ടെന്‍ഷനായിരുന്നു, എന്റെ സിനിമക്ക് എന്താവും അയാള്‍ പറയുക എന്നാലോചിച്ചിട്ട്. നല്ല ഭാഷയിലാണ് ഇയാള്‍ വിമര്‍ശിക്കുന്നത്. അയാളുടെ വിമര്‍ശനങ്ങള്‍ക്ക് നല്ല വിലയായിരുന്നു. അങ്ങനെ ഇദ്ദേഹംവല്ലാതെ വിമര്‍ശിച്ച പലര്‍ക്കും വിഷമമായി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ദൈവം ഇടപെടും ചില സമയത്ത്. കുറച്ചു കാലം കഴിഞ്ഞ് ഇയാള്‍ ഒരു പടം സംവിധാനം ചെയ്തു. ആ പടം കണ്ടു കഴിഞ്ഞാല്‍ മനുഷ്യന്മാര്‍ സഹിക്കില്ല.

അപ്പോഴാണ് ഇവരുടെയൊക്കെ പൊള്ളത്തരം നമുക്ക് മനസിലാവുന്നത്. ഒരു കാര്യവും ഇവര്‍ക്ക് അറിയില്ല. പക്ഷേ പറയുന്നതോ, എഡിറ്റിങ് ശരിയല്ല, നന്നാക്കണം, അതുപോലെ കളര്‍ കോമ്പിനേഷന്‍ ശരിയായിട്ടില്ല എന്നൊക്കെ. അതിനൊക്കെ അതിന്റേതായിട്ടുള്ള സീരിയസ്‌നെസ് കൊടുത്തേ മുന്നോട്ട് പോവാന്‍ പറ്റുള്ളൂ. അവര്‍ക്ക് അതില്‍ നിന്ന് വരുമാനം കിട്ടുന്നുണ്ടെങ്കില്‍ അതുവെച്ച് ജിവിച്ചു പോട്ടെ. അല്ലാതെ അവരോട്, അങ്ങനെ പറയാന്‍ പാടില്ല എന്നൊന്നും പറയേണ്ട ആവശ്യമില്ല,’ മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh’s opinion about movie reviewers