Advertisement
Film News
അന്ന് ലാലിന്റെ അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല; മോഹന്‍ലാലുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 23, 01:16 pm
Tuesday, 23rd March 2021, 6:46 pm

കോഴിക്കോട്: നടന്‍ മോഹന്‍ലാലുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന്‍ വേണുഗോപാല്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചാണ് വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോഡല്‍ സ്‌കൂള്‍ 10 E യിലെ ലാലുവും 9 H ലെ വേണുവും എന്ന തലക്കെട്ടില്‍ ലാലിന്റെ വീട്ടില്‍ പോയതും അമ്മയ്ക്ക് ‘കൈ നിറയെ വെണ്ണ തരാം’ എന്ന ബാബകല്യാണിയിലെ പാട്ട് പാടികൊടുത്തതും വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. പാട്ട് കേട്ട അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന് അതിരില്ലായിരുന്നെന്നും വേണു പറയുന്നു.

തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ വേണുഗോപാലിന്റെ സീനിയര്‍ ആയിരുന്നു മോഹന്‍ലാല്‍. ഇരുവരും ഒന്നിച്ചുള്ള സ്‌കൂള്‍ ഓര്‍മ്മകള്‍ മുന്‍പും വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മോഡല്‍ സ്‌കൂള്‍ 10 E യിലെ ലാലുവും 9 H ലെ വേണുവും:

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടില്‍ എടുത്ത ഫോട്ടോ . പോകാന്‍ നേരം ‘അമ്മയെവിടെ ‘ എന്ന ചോദ്യത്തിന് … ലാലേട്ടന്‍ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ‘അമ്മയ്ക്കിതാരാന്ന് മനസ്സിലായോ’? ലാലേട്ടന്‍ ചോദിച്ചു. ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നില്‍ ഞാന്‍ രണ്ട് വരി പാടി…
‘കൈ നിറയെ വെണ്ണ തരാം …. കവിളിലൊരുമ്മ തരാം… കണ്ണന്‍ ”
അമ്മയുടെ മുഖത്തപ്പോള്‍ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോല്‍ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ….!

Content Highlight: Actor Mohanlal Singer G Venugopal Memories Babakalyani