Entertainment news
വീട് ഡിസൈന്‍ ചെയ്തത് റഷ്യക്കാരന്‍ കുഞ്ചോവ്‌സ്‌കി; ബൈക്കിന്റെ പേര് കുഞ്ചഹ: വിശേഷങ്ങള്‍ പങ്കുവെച്ച് കുഞ്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 18, 12:31 pm
Sunday, 18th September 2022, 6:01 pm

കോമഡി വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ സജീവമായ താരമാണ് നടന്‍ കുഞ്ചന്‍. കോട്ടയം കുഞ്ഞച്ചന്‍, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ ‘ആദ്യത്തെ ന്യൂ ജനറേഷന്‍ ഫ്രീക്കനാ’യും അദ്ദേഹം തിളങ്ങി.

യഥാര്‍ത്ഥ ജീവിതത്തിലും താന്‍ ഒരു രസികനാണെന്ന് നിരവധി അഭിമുഖങ്ങളിലെ സംസാരത്തിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ഭാര്യ ശോഭക്കൊപ്പം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കുഞ്ചന്‍.

ആദ്യമായി ബൈക്ക് വാങ്ങിയപ്പോള്‍ അതിന് തന്റെ പേര് നല്‍കിയതിനെ കുറിച്ചും വീടിന് ഇന്റീരിയര്‍ ചെയ്തതിനെ കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്.

”എന്റെ ആദ്യത്തെ പടം റസ്റ്റ് ഹൗസാണ്. 250 രൂപയായിരുന്നു ശമ്പളം. പിന്നെ അത്യാവശ്യം പടങ്ങളൊക്കെ കിട്ടിത്തുടങ്ങി. അങ്ങനെ ആദ്യമായി ഒരു സൈക്കിളെത്തി.

കാരണം സമയത്തിന് സെറ്റിലെത്തിയില്ലെങ്കില്‍ വേഷം പോവും. പിന്നീട് ഒരു മോപഡ് ബൈക്ക് വാങ്ങിച്ചു. അതിന്റെ പെയിന്റൊക്കെ മാറ്റി സ്റ്റൈലാക്കി. അതില്‍ ‘കുഞ്ചഹ’ എന്ന് സ്റ്റിക്കറൊട്ടിച്ചു.

പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍, ‘സാര്‍, യമഹ ബൈക്ക് പാത്തിരിക്ക് സര്‍, കുഞ്ചഹ ബൈക്ക് പാക്കലേ,’ എന്ന് പറയും,” കുഞ്ചന്‍ പറയുന്നു.

തന്റെ വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് റഷ്യന്‍ പൗരനായ കുഞ്ചോവ്‌സ്‌കി (അദ്ദേഹം തന്നെ) ആണെന്നും തമാശരൂപേണ താരം പറഞ്ഞു.

”കുഞ്ചോവ്‌സ്‌കി എന്ന പേരുള്ള ഒരു റഷ്യക്കാരനാണ് എന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. അയാള്‍ വളരെ ഫേയ്മസാണ്, പക്ഷെ വളരെ ഒതുങ്ങി, ഒരു നെസ്റ്റിനകത്ത് ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന് ഒരു ഭാര്യയുമുണ്ട്, രണ്ട് മക്കളുമുണ്ട്,” താരം ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

ഓരോ രാജ്യത്ത് പോകുമ്പോഴും ഓരോ സാധനങ്ങള്‍ ഓര്‍മക്കായി വാങ്ങാ ന്നും അദ്ദേഹം പറയുന്നുണ്ട്.

Content Highlight: Actor Kunchan’s funny talk about his life