Entertainment news
എല്ലാ ഫ്‌ളാറ്റിലും ചെന്ന് പറഞ്ഞു; എന്നെ അന്ന് ആരും തിരിച്ചറിഞ്ഞില്ല: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 06:20 pm
Monday, 26th December 2022, 11:50 pm

കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടി പോവാറുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കാറുണ്ടെന്നും സാന്റയായി ഒരാള്‍ വേഷം കെട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ താന്‍ ആയിരുന്നു സാന്റയായി വേഷം കെട്ടിയിരുന്നതെന്നും ആര്‍ക്കും അത് മനസിലായില്ലെന്നുമാണ് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്.

”കൊച്ചിയില്‍ ഫ്ളാറ്റിലെ എല്ലാ ഫ്ളോറുകളിലും കരോള്‍ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നു ഓരോ വര്‍ഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ ഒരാള്‍ കാണും. പിന്നീട് എല്ലാവരും താഴെ ഹാളില്‍ ഒത്തുകൂടും.

ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു. ഒപ്പമുള്ള കുറച്ചു പേര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അത് താനാണെന്ന് അറിയില്ലായിരുന്നു.

കാരണം ആ സമയത്ത് കുറച്ചു ദിവസമായി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താന്‍ ഫ്ളാറ്റില്‍ ഇല്ലായിരുന്നു. എല്ലാ ഫ്ളാറ്റിലുമെത്തി ക്രിസ്മസ് സന്ദേശമൊക്കെ പകര്‍ന്ന് തങ്ങള്‍ ഹാളില്‍ വന്നെത്തിയിട്ടും മറ്റാര്‍ക്കും അത് താനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ അടുത്തായി പുറത്തിറങ്ങിയ ചിത്രം. ദിവ്യ പ്രഭയായിരുന്നു ഫീമെയില്‍ ലീഡ് റോളില്‍ എത്തിയത്. ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

content highlight: actor kunchakko boban about his christmas experience