ഒരു ഹിറ്റ് അടിച്ചാല്‍ പിന്നെ കാലിന്‍മേല്‍ കാലു കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന് പറയുന്ന ആളല്ല ഞാന്‍, വ്യത്യസ്തമായ റോളുകള്‍ നേടിയത് ഇങ്ങനെ: കുഞ്ചാക്കോ ബോബന്‍
ഒരു കാലത്ത് മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ടിരുന്ന നടന്‍ കുഞ്ചാക്കോ ബോബന്‍ ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ വ്യത്യസ്തമായ റോളുകളിലേക്ക് കടന്നിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.
ഇപ്പോള്‍ കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ റോളുകളിലേക്ക് കടന്നുവന്നതിനെ കുറിച്ച് മനസ്സു തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, നിഴല്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സ്ഥിരം പാറ്റേണിലുള്ള സിനിമകളില്‍ നിന്നു മാറി ഒരു ഇടവേളയ്ക്കു ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്. പണ്ട് ആളുകള്‍ പറയും, ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാന്‍സ്, ഹ്യൂമര്‍, നായിക, പ്രണയം, കൂടെ കുറെ ആളുകള്‍.. ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസൈനും.
ഒരു സിനിമ വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാംപാതിര പോലൊരു ബ്ലോക്ക്ബസ്റ്റര്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചത്. അതിനുശേഷമുള്ള സിനിമകളുടെ വരവാണെങ്കിലും. അതായത് മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, നിഴല്‍, പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, ഗിര്‍… എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.
മിക്കവരോടും ഞാന്‍ ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്. അല്ലാതെ, ഒരു ഹിറ്റ് അടിച്ചതിനു ശേഷം ഞാന്‍ കാലിന്‍മേല്‍ കാലു കേറ്റി വച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്കു വേണം. എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് മാറ്റം വേണം എന്നുള്ളതു കൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക