തമിഴ് സിനിമയിലേക്ക് കൂടി ചുവടുവെക്കാന്‍ തുടങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. ഒറ്റ് എന്ന ചിത്രം മലയാളത്തിലും തമിഴിലും ചെയ്താണ് കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റം.
ഇപ്പോള്‍ ഒറ്റിനെ കുറിച്ചും ആദ്യ കാലത്ത് തമിഴില്‍ അഭിനയിക്കണമെന്ന് കരുതിയിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ തമിഴ് സിനിമാസ്വപ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
‘എനിക്ക് തമിഴ് അത്യാവശ്യം എഴുതാനും വായിക്കാനുമൊക്കെ അറിയാം. നമ്മുടെ സിനിമയുടെ ഷൂട്ടിംഗ് തമിഴ്നാട്ടില്‍ വെച്ച് നടക്കുമ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ വരുന്നവര്‍ക്ക് ‘അന്‍പുടന്‍ ചാക്കോച്ചന്‍’ എന്നൊക്കെ തമിഴില്‍ എഴുതി കൊടുക്കുമായിരുന്നു. അതു കാണുമ്പോള്‍ അവര്‍ക്ക് അത്ഭുതമാണ്.
ഞാന്‍ സിനിമയിലേക്ക് വന്ന കാലത്ത് മലയാളത്തില്‍ തന്നെ താല്പര്യമില്ലാതെയാണ് അഭിനയിച്ചത്. ആ സമയത്ത് തമിഴിലും അവസരങ്ങള്‍ വന്നിരുന്നു. തമിഴില്‍ അഭിനയിച്ച് അതെങ്ങാനും ഹിറ്റായി പോപ്പുലര്‍ ആയികഴിഞ്ഞാല്‍ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നുള്ള രീതിയിലൊക്കെ ആയിരുന്നു ആ സമയത്തെ ആലോചന. ‘അന്ത അളവുക്ക്’ വരെ പോയി ചിന്തകള്‍. അതിനുശേഷം സിനിമകളുടെ എണ്ണം കുറയുന്നു. വിജയങ്ങള്‍ കുറയുന്നു. ആള്‍ക്കാര്‍ അത്യാവശ്യം ചീത്ത പറയുന്നതിന്റെ വക്കില്‍ വരെ എത്തി നില്‍ക്കുന്നു..
ആ സമയത്ത് തമിഴില്‍ പോയി നോക്കിയാലോ എന്ന് ആലോചിച്ചപ്പോള്‍ ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല! അതിനു ശേഷം ഇപ്പോഴാണ് ഒരു നല്ല അവസരം വന്നത്. ഒറ്റ് എന്നാണ് സിനിമയുടെ പേര്. സ്‌ക്രിപ്റ്റ് സഞ്ജീവ് ചേട്ടനാണ്. നിഴല്‍ എന്ന സിനിമയും അദ്ദേഹത്തിന്റേതാണ്. അവര്‍ കഥ പറഞ്ഞപ്പോള്‍ കൊള്ളാമെന്ന് തോന്നി.
കൂടെ ഒരു ക്യാരക്ടര്‍ ചെയ്യുന്നത് അരവിന്ദ് സ്വാമി ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ് അരവിന്ദ് സ്വാമി. രണ്ടുപേരും റൊമാന്റിക് ഹീറോസ് ആണ്. ഇത് തമിഴിലേക്കും എടുത്താലോ ആലോചിച്ചപ്പോള്‍ ഡബ്ബിങ് അല്ലാതെ ഒരേ സമയം രണ്ടു ഭാഷകളിലായി എടുക്കാം എന്ന് തീരുമാനിച്ചു. ജോലിഭാരം നന്നായി കൂടും. ഇതൊരു റോഡ് മൂവി ആണ്. വളരെ എക്സൈറ്റഡ് ആണ് ഞാന്‍. ഇത് പൊളിക്കും!,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക