മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ നടനാണ് കോട്ടയം നസീര്‍. നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ നസീറായിരുന്നു. ഇതുവരെ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം റോഷാക്കിലുമെത്തുന്നുണ്ട്.
തമാശ കഥാപാത്രങ്ങള്‍ ചെയ്യാനല്ലായിരുന്നു തനിക്ക് താത്പര്യമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. മിമിക്രിയില്‍ വിചാരിക്കാതെ എത്തിയതാണെന്നും അന്നുമുതല്‍ സിനിമയായിരുന്നു മോഹമെന്നും നസീര്‍ പറഞ്ഞു.
ഭാവിയില്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതൊരിക്കലും ആളുകള്‍ വിചാരിക്കുന്ന പോലെ തമാശ സിനിമയായിരിക്കില്ലെന്നും ഫില്‍മീ ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
”എനിക്ക് ജന്മനാ കിട്ടിയ കഴിവ് ഡ്രോയിങ്ങാണ്. അതിനിടക്ക് വളരെ ഔപചാരികമായിട്ടാണ് മിമിക്രിയില്‍ വന്നത്. സിനിമ എന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു.
രണ്ട് തിയേറ്ററുകളുടെ നടുവിലാണ് എന്റെ വീട്. ചെറുപ്പം മുതല്‍ അവിടത്തെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത്രയും ആഗ്രഹിച്ചാണ് ഞാന്‍ സിനിമയില്‍ വന്നത്. എന്നാല്‍ ഇപ്പോഴാണ് ഞാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടുന്നത്.
ഞാന്‍ ഈശോ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമ ഡയറക്ട് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. കുറേ വര്‍ഷങ്ങളായി ഞാന്‍ ഈ ആഗ്രഹവുമായി നടക്കുന്നു. പക്ഷേ ആളുകള്‍ പ്രതീക്ഷിക്കുന്നത് ഞാന്‍ തമാശ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്. കാരണം മിമിക്രിയില്‍ നിന്നും വന്ന ആളായതുകൊണ്ട് ആളുകള്‍ അതാണ് എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
ഞാന്‍ ഡയറക്ട് ചെയ്യുന്ന സിനിമ അത്തരത്തിലൊരു ജോണറിലുള്ള സിനിമയായിരിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. സിനിമ ഡയറക്ട് ചെയ്യുന്നുണ്ടെങ്കില്‍ ആ രീതിയിലായിരിക്കില്ല ഞാന്‍ ചെയ്യുക. ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതാവരുത് എന്റെ സിനിമ എന്ന നിര്‍ബന്ധം എനിക്കുണ്ട്.
പിന്നെ തമാശ പടങ്ങള്‍ ചെയ്യുമ്പോഴുള്ള കുഴപ്പമെന്താണെന്ന് വെച്ചാല്‍ ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ ഡോസ് കൂട്ടി കൊടുക്കേണ്ടിവരും. അത് ഈ കാലഘട്ടത്തില്‍ കുറച്ച് ബുദ്ധിമുട്ടാണ്.
സോഷ്യല്‍ മീഡിയ ഇത്രയും വളര്‍ന്നതുകൊണ്ട് ട്രോളുകള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. അതുകേട്ട് നമ്മള്‍ തന്നെ ചിരിച്ചുപോകും. ആ ട്രോളുകള്‍ക്ക് മേലെ നമ്മള്‍ ഒരു കഥയുണ്ടാക്കി ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തായാലും എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. എന്നെങ്കിലും നടക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Actor Kottayam Nazeer revealed the reason for not doing commedy films