കൊച്ചി: മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷ്. രാത്രി കിടക്കുന്നിതിനിടെ കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടിവന്നെന്ന് കൈലാഷ് പറഞ്ഞു.
ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും കൈലാഷ് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കൈലാഷിന്റെ പ്രതികരണം.
‘ഞാന്‍ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോണ് പോള്‍ സാറിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു. എന്റെ കൂടെ മൂന്നാല് പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്താനോ നീക്കാനോ സാധിച്ചില്ല.
തണുത്ത നിലത്ത് അധിക സമയം കിടന്നതോടെ ജോണ് പോള്‍ സാറിന് നടുവേദനയും തുടങ്ങി. തുടര്‍ന്ന് ഞങ്ങള്‍ പില്ലോയും മറ്റും വെച്ചു കൊടുത്തു. ഇതേസമയം തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ല.
ഹോസ്പിറ്റല്‍ ഷിഫിറ്റിംഗിന് വരാമെന്നും എന്നാല്‍ ആളുകളെ മാറ്റാന്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ നല്ലൊരു സ്ട്രക്ച്ചര്‍ ഇല്ലാതെ അദ്ദേഹത്തെ നമുക്ക് നീക്കാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിലെ വിവിധ ആംബുലന്‍സ് ഏജന്‍സികളുമായി നമ്മള്‍ സംസാരിച്ചെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടപ്പോഴും ആംബുലന്‍സ് സര്‍വീസ് തേടാനാണ് ആവശ്യപ്പെട്ടത്.
രാത്രി പത്ത് മണിയോടെയാണ് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഞങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. അവരും സാറിനെ മാറ്റി കിടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥിതി മനസിലായ അവര്‍ തിരിച്ചു പോയി ബൈപ്പാസിലെ മെഡിക്കല്‍ സെന്ററില്‍ നിന്നും ആംബുലന്‍സുമായി മടങ്ങി എത്തി. തുടര്‍ന്ന് നമ്മള്‍ എല്ലാരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്ട്രച്ചറിലേക്ക് കിടത്തി കട്ടിലിലേക്ക് മാറ്റിയത്.
അപ്പോഴേക്കും സമയം ഒന്നര രണ്ടുമണിയായിരുന്നു. സാര്‍ ആകെ അവശനായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു സാര്‍. ആ സമയത്ത് അദ്ദേഹത്തിന് മേല്‍വസ്ത്രമില്ലായിരുന്നു. അതിനാല്‍ നിലത്ത് കിടന്ന് നടുവിന് നല്ല തണ്ണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. സാറിന്റെ ഈ അവസ്ഥ നാളെ മറ്റൊരാള്‍ക്ക് വരാം ഈ സ്ഥിതി മാറ്റാന്‍ ശ്രമം വേണം. ഈ അപകടം നടക്കുമ്പോള്‍ ആ വീട്ടില്‍ സാറിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം ഇനി ഉണ്ടാവാതിരിക്കട്ടെ. ഇങ്ങനെ ഒരു അപകടം സംഭവിക്കുന്ന ആളെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാവണം,’ കൈലാഷ് പറയുന്നു.
ജോണ്‍ പോളിനുണ്ടായ ദുരനുഭവം പങ്കുവെച്ച് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ ജോളി ജോസഫും രംഗത്തെത്തിയിരുന്നു. ജോണ്‍ പോള്‍ മരിച്ചതല്ല അദ്ദേഹത്തെ ഇവിടുത്തെ വ്യവസ്ഥിതി കൊന്നതാണെന്നാണ് ജോളി ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്.
വീട്ടിലെ കട്ടിലില്‍ നിന്നും താഴെ വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസിന്റേയും ആംബുലന്‍സിന്റേയും ഫയര്‍ഫോഴ്സിന്റേയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ജോളി ജോസഫ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 21 ന് രാത്രി എട്ടുമണിയോടെ വീട്ടിലെ കട്ടലില്‍ നിന്നും താഴെ വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പുലര്‍ച്ചെ 2 മണി ആയെന്നും അത്രയും നേരം ആ അവസ്ഥയില്‍ അദ്ദേഹം തറയിലെ തണുപ്പില്‍ കിടന്നെന്നും ആ സംഭവം വലിയ ആഘാതമാണ് അദ്ദേഹത്തിന് ഉണ്ടാക്കിയതെന്നും ജോളി ജോസഫ് പറഞ്ഞു.
Content Highlights: Actor Kailash says about writer John Paul