താന്‍ അഭിനയിച്ച സിനിമാസെറ്റുകളിലൊന്നിലും ഡ്രഗുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലെന്ന് ജിനു ജോസഫ്. സിനിമ ആളുകള്‍ കൂടുതല്‍ സെലബ്രേറ്റ് ചെയ്യുന്നൊരു മേഖലയായതുകൊണ്ടാണ് ഇതൊക്കെ വലിയ വാര്‍ത്തകള്‍ ആവുതെന്നും ജിനു പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പോയ സെറ്റിലൊന്നും ഡ്രഗുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. പഴയ കാലത്തും ഇപ്പോഴും കുറച്ച് നടന്മാരൊക്കെ വൈകുന്നേരമാകുമ്പോള്‍ രണ്ട് പെഗ്ഗൊക്കെ അടിക്കാറുണ്ട്. പക്ഷേ അതൊന്നും ആക്ഷന്‍ പറയുമ്പോള്‍ ബാധിക്കാന്‍ പാടില്ല എന്നു മാത്രമാണ് എന്റെ അഭിപ്രായം.
അല്ലാതെ ഒരാളിപ്പോ എന്തൊക്കെ ചെയ്യുന്നുവെന്ന് അവരുടെ പേഴ്‌സണല്‍ സ്‌പേസില്‍ പോയി നമുക്ക് നോക്കാന്‍ കഴിയില്ലാലോ. നമ്മള്‍ സെറ്റില്‍ വരുന്നത് അഭിനയിക്കാനാണ്. സെറ്റില്‍ വരുക നന്നായി ജോലി ചെയ്യുക, പോവുക. അത് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ.
ഒരു ദിവസത്തില്‍ തന്നെ കിലോക്കണക്കിന് ലഹരി വസ്തുക്കളാണ് പിടികൂടുന്നത്. ഇതൊക്കെ തന്നെ സിനിമക്കാരല്ലല്ലോ ഉപയോഗിക്കുന്നത്. സിനിമയില്‍ മാത്രം പ്രത്യേകിച്ചൊരു ലഹരി ഉപയോഗമെന്ന് പറയാന്‍ പറ്റില്ല.
സിനിമ പൊതുവില്‍ ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്നൊരു മേഖലയായതുകൊണ്ട് ഇതൊക്കെ വലിയ വാര്‍ത്തകള്‍ ആവുന്നു. ഇപ്പോഴൊക്കെ സ്‌കൂള്‍ പിള്ളേര്‍ വരെ കെമിക്കല്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ വളരെ ഷോക്കിങ്ങാണ്, ‘ ജിനു പറഞ്ഞു.
ഒരു സമയം വരെ ഒരു തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് തന്നെ തേടിവന്നതെന്നും താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതാണ് നീരജ എന്ന സിനിമയിലെ കഥാപാത്രമെന്നും ജിനു പറഞ്ഞു.
‘ഒരു സമയം വരെ ഒരു തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് എന്നെ തേടിവന്നത്. പിന്നെ സിനിമകളില്‍ ചില എക്‌സ്പിരിമെന്റേഷന്‍സ് ഒക്കെ ചെയ്തുതുടങ്ങിയപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടിതുടങ്ങി.
നീരജ എന്ന സിനിമയിലെ കഥാപാത്രം കുറച്ച് ഫാമിലി മാന്റെ റോളാണ്. ഒരു സാധാരണക്കാരന്റെ കഥാപാത്രമാണ് ഇതില്‍. നീരജ എന്ന കഥാപാത്രത്തിന്റേതാണ് സിനിമ. ആ കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഇടക്കിടക്ക് കടന്നുവരുന്ന ഒരു കഥാപാത്രമാണ് എന്റേത്.
ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണിത്. എനിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പവര്‍ ഉള്ള കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ ഭൂരിഭാഗവും. ഒരു ഗുണ്ട, ഡോണ്‍ അങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങള്‍, ‘ ജിനു പറഞ്ഞു.
ജിനു ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് നീരജ. രാജേഷ് കെ രാമന്റെ സംവിധാനത്തില്‍ ശ്രുതി രാമചന്ദ്രന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ ഗോവിന്ദ് പദ്മസൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Actor Jinu Joseph about usage of drugs in movies and Neeraja movie