Advertisement
Entertainment news
രാജമൗലി അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 01, 10:21 am
Saturday, 1st October 2022, 3:51 pm

മികച്ച പ്രതികരണമാണ് മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന് ലഭിക്കുന്നത്. അതിശയിപ്പിക്കുന്ന പ്രകടനമാണ് താരങ്ങളെല്ലാം സിനിമയില്‍ കാഴ്ചവെച്ചത്. മലയാളി താരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിട്ടുണ്ട്.

ആഴ്വാര്‍ക്കടിയാന്‍ നമ്പി എന്നാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. തലമൊട്ടയടിച്ച് വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം ചിത്രത്തിലെത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ജയറാമിപ്പോള്‍.

മണിരത്‌നത്തിന്റെയും ശങ്കറിന്റെയും സിനിമയുടെ ഭാഗമായ തനിക്ക് അടുത്തതായി രാജമൗലിയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നതാണ് ആഗ്രഹമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. രാജമൗലിയെ കാണുമ്പോള്‍ അവസരം തരുമോയെന്ന് ചോദിക്കാറുള്ളതിനെക്കുറിച്ച് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടാണ് ജയറാം പറഞ്ഞിരിക്കുന്നത്.


”രാജമൗലിയുടെ സിനിമയിലേക്ക് എന്നെ വിളിച്ചാല്‍ നല്ലത്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. മണിരത്‌നത്തോടും ശങ്കര്‍ സാറിനോടും ഞാന്‍ ചോദിച്ചതാണ്, അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമോയെന്ന്. അതുപോലെ രാജമൗലിയോടും ഞാന്‍ ചോദിച്ചിട്ടുണ്ട്.

അദ്ദേഹവും ഞാനും രണ്ടോ മൂന്നോ സ്‌റ്റേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും സിനിമയുടെ കാര്യം. കാണുമ്പോള്‍ ഞാന്‍ സാര്‍ എന്ന് വിളിച്ചാണ് എന്റെ ആഗ്രഹം അവതരിപ്പിക്കുക. ഇപ്പോള്‍ കോമഡിയാണ്. സാര്‍ എന്ന് വിളിക്കുമ്പോഴേക്കും എന്നോട് ഇങ്ങോട്ട് പറയും ഞാന്‍ വിളിക്കുമെന്ന്.

അദ്ദേഹം ഭയങ്കര സുന്ദരനാണ്. തെലുങ്കില്‍ രണ്ട് ഡയറക് ഉണ്ട്, ഒന്ന് ത്രിവിക്രം മറ്റൊന്ന് രാജമൗലി. അവര്‍ രണ്ട് പേരും വന്ന് അടുത്തിരുന്നാല്‍ ബാക്കി നടന്മാരൊന്നും അടുത്തിരിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറയും, അത്രയ്ക്ക് ഭംഗിയാണ്. അവരുടെ ഗ്രേ കളര്‍ താടിയൊക്കെ കാണാന്‍ നല്ല രസമാണ്. അവരോട് ഞാന്‍ എപ്പോഴും പറയും ഈ കാര്യം,” ജയറാം പറഞ്ഞു.

അതേസമയം 2022ല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്നും ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴ്നാട്ടില്‍ നിന്നും 25.86 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.

തമിഴ്നാട്ടില്‍ ഏറ്റവും ആദ്യദിന കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി നേടിയ അജിത്തിന്റെ വലിമൈയും 26.40 കോടി നേടിയ വിജയ്യുടെ ബീസ്റ്റുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 20.61 കോടി നേടിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തേയും പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു.

Content Highlight: Actor jayaram said that director Rajamouli will call him for his film