തെങ്കാശിപ്പട്ടണത്തില്‍ സലിംകുമാര്‍ ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍; പക്ഷേ വിഷമമില്ല: ഇന്ദ്രന്‍സ്
തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ സലിംകുമാര്‍ ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് താനാണെന്നും ഡേറ്റില്ലാത്തതുകൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടതെന്നും നടന്‍ ഇന്ദ്രന്‍സ്.
താനായിരുന്നു ആ വേഷം ചെയ്തിരുന്നത് എങ്കില്‍ ചിലപ്പോള്‍ ഇത്രയും വിജയകരമായിരിക്കുമെന്ന് തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് നഷ്ടമായ വേഷങ്ങള്‍ ഉണ്ട്. ഒരുപക്ഷെ താന്‍ ചെയ്താല്‍ ഇത്രയ്ക്ക് മികച്ചതായില്ലെങ്കിലോ എന്ന് ചിന്തിക്കാറുണ്ട്. അതുകൊണ്ട് ആ വേഷങ്ങള്‍ നഷ്ടപ്പെട്ടതില്‍ വിഷമം തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം, ചിലര്‍ ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത് ഇങ്ങനെ ആയിരുന്നില്ല ചെയ്യേണ്ടത് എന്നും തോന്നിയിട്ടുണ്ട്. അത് തനിക്ക് മുമ്പില്‍ വന്നിട്ടുള്ള വേഷങ്ങളല്ലെന്ന് മാത്രം. കുസൃതി കാണിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
‘ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ അനുകമ്പയും അംഗീകാരവുമെല്ലാം നമുക്ക് ലഭിക്കും. പക്ഷെ കാണുന്നവരുടെ മുഖം മാറും. എന്നാല്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ അവരുടെ മൂഡ് മറന്ന് ചിരിക്കും. ആ ചിരി കാണുമ്പോഴുള്ള സന്തോഷമാണ് ഏറ്റവും വലുത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
ഉടല്‍ പോലൊരു സിനിമ ചെയ്യുമ്പോള്‍ ഷൂട്ടിങ് തീരുന്നത് വരെ അതിന്റെ ഭാരമുണ്ട്. ആ സിനിമയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഒടുക്കം വരെ ഒരൊറ്റ മൂഡാണ്. ശ്വാസഗതി പോലും ഒരുപോലെയുള്ള ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പാക്കപ്പ് പറയുന്നത് വരെ കഴിച്ചുകൂട്ടുന്നത് വലിയ പ്രയാസമായിരുന്നുവെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
നടന്‍മാരായ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിച്ചു. മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും ലഭിച്ച ഉപദേശങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിനായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി.
‘മമ്മൂക്ക പറയാതെ പല കാര്യങ്ങളും നമുക്ക് മനസിലാകും. ചിലപ്പോള്‍ ഡയലോഗ് പ്രോംപ്റ്റര്‍ ഒന്നും ഇല്ലാതെ പറയാന്‍ പഠിക്കേണ്ടതിനെ കുറിച്ചായിരിക്കാം. അല്ലെങ്കില്‍ നമ്മുടെ ശരീരം ശ്രദ്ധിക്കേണ്ടതിനെ കുറിച്ചായിരിക്കാം. ഒരു നോട്ടമായിരിക്കും ചിലപ്പോള്‍ അതില്‍ എല്ലാം ഉണ്ടാകും. വയറുകൂടിയെന്നോ ഷേപ്പ് മാറിയെന്നോ അങ്ങനെ എന്തെങ്കിലും. നമ്മള്‍ പാലിക്കേണ്ട കുറച്ച് ഡിസിപ്ലിന്‍ ഉണ്ടല്ലോ. പുള്ളി അതൊക്കെ പാലിക്കുന്ന ആളുമാണ്. അതൊക്കെ കണ്ടെങ്കിലും പഠിച്ചൂടെ എന്നായിരിക്കാം ചിലപ്പോള്‍. അത് പറയാതെ തന്നെ നമുക്ക് മനസിലാകും.
ലാലേട്ടന്‍ എപ്പോഴും ഉത്സാഹത്തില്‍ ആണ്. ആ ഉത്സാഹത്തിന്റെ വിത്ത് വിതറി അങ്ങ് പോയ്ക്കളയും. രണ്ട് പേരെയും പഠിക്കുക എന്നതാണ്,’ ഇന്ദ്രന്‍സ് പറഞ്ഞു.
Content Highlight: Actor Indrans about Thenkashippattanam Movie Role