Movie Day
കാരവാന്‍ പട്ടിക്കൂട് പോലെയാണ്, എന്താണ് അതിനകത്ത് ഇരുന്നാല്‍ എന്ന് ചോദിക്കുന്നവരുണ്ട്: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 28, 10:38 am
Monday, 28th August 2023, 4:08 pm

സിനിമാ സെറ്റുകളില്‍ താരങ്ങള്‍ക്കായി കൊണ്ടുവരുന്ന കാരവനുകളോട് തനിക്കുള്ള വിയോജിപ്പ് തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. തനിക്ക് കാരവനില്‍ മുഴുവന്‍ നേരവും ഇരിക്കുന്നതിനോട് യോജിപ്പില്ലെന്നും പലപ്പോഴും പട്ടിക്കൂടിന് സമാനമായാണ് തനിക്ക് അത് അനുഭവപ്പെടുകയെന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

പണ്ടൊക്കെ ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഷൂട്ടിന് അടുത്തുള്ള വീട്ടില്‍ പോയി മാനേജര്‍മാര്‍ സംസാരിക്കും. ഇവിടെ ആര്‍ടിസ്റ്റുകള്‍ വന്നിരുന്നോട്ടെ, മേക്കപ്പ് ചെയ്‌തോട്ടെ, ഭക്ഷണം കഴിച്ചോട്ടെ എന്നൊക്കെ ചോദിക്കും. അവര്‍ സന്തോഷത്തോടെ നമ്മളോട് സഹകരിക്കും. ഇല്ലാത്തവരും ഉണ്ട്. അങ്ങനെ കിട്ടുന്ന ഒരു സുഖം കാരവനില്‍ കിട്ടില്ല.

ഇന്നത്തെ കാലത്ത് വളരെ അപൂര്‍വമായിട്ടാണ് അങ്ങനെ വീടുകള്‍ കിട്ടുക. ഇന്ന് അതില്‍ നിന്നൊക്കെ മാറി കാരവനായി. രാവിലെ സെറ്റിലെത്തിയാല്‍ ഒരു കൂട്ടിലടച്ച് ഇടയ്ക്കിടയ്ക്ക് വന്ന് ഭക്ഷണവും തള്ളിത്തരുക എന്ന് പറയുമ്പോള്‍ പട്ടിക്കൂട്ടില്‍ നമ്മളെ അടച്ചിടുന്നതുപോലെയാണ് എനിക്ക് തോന്നാറ്.

നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ലല്ലോ. അതിന്റെ സുഖം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിലൊക്കെയാണ് ഷൂട്ട് നടക്കുന്നതെങ്കില്‍ ഒന്ന് ഡ്രസ് മാറാനോ ഒരു കഥ ചര്‍ച്ച ചെയ്യാനോ ഇരിക്കുകയല്ലാതെ മുഴുവന്‍ സമയവും അതിനകത്ത് ബുദ്ധിമുട്ടാണ്. എന്താ അയാള്‍ക്ക് ഇരുന്നാല്‍, കാരവാനില്‍ അല്ലേ എന്നൊക്കെ മനോഭാവം ഉള്ളിടത്ത് നമ്മള്‍ പെട്ടുപോകും,’ ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്ന് വീടുകള്‍ കിട്ടാനൊക്കെ ബുദ്ധിമുട്ടാണെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. ‘ചില വീട്ടുകാര്‍ വീടുകള്‍ തരില്ല. അവര്‍ ചില കഥകളൊക്കെ കേട്ടിട്ടുണ്ടാകും. ഈ കാരവാനില്‍ മാത്രം ഇരുന്ന് കഴിഞ്ഞാല്‍ നമുക്ക് സഹിക്കാന്‍ പറ്റാത്ത ചില അവസ്ഥ വരും. പത്ത് പേര്‍ ചുറ്റും കൂടിയാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറിപ്പോകും,’ ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമാ സംവിധാനം ചെയ്യുന്നതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. സിനിമ സംവിധാനം ചെയ്യുക എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ അങ്ങനെ എളുപ്പത്തില്‍ ചെയ്‌തെടുക്കാന്‍ പറ്റുന്ന ഒന്നല്ല അത്. നമ്മള്‍ ഇത്രയും കാലം സിനിമയ്‌ക്കൊപ്പം നടന്നിട്ട് സിനിമ ചെയ്യുമ്പോള്‍ അത് അതിനൊത്ത് ഉയരണം. അതിന്റെ പ്രമേയമൊക്കെ അങ്ങനെ ആകണം.

അത്രയും ബഹുമാനം എനിക്ക് സംവിധായകരുടെ അടുത്തുണ്ട്. എല്ലാ രീതിയിലും മികച്ചതായി ഒരു സിനിമ എടുക്കാന്‍ പറ്റില്ലെങ്കില്‍ ചെയ്യരുത്. എനിക്ക് സത്യം പറഞ്ഞാല്‍ പേടിയാണ്,’ ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമയുടെ കഥ പറയാന്‍ വരുന്നവര്‍ നന്നായി കഥ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുമെന്നും എന്നാല്‍ സെറ്റില്‍ തിരക്കഥ പോലുമില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actor Indrans about Caravan