മായാനദിയാണ് എന്റെ ഫേവറിറ്റ് സിനിമ, ഏത് സെറ്റില്‍ പോയാലും മായാനദിയില്‍ വര്‍ക്ക് ചെയ്ത അനുഭവം പറയാറുണ്ട്: ഹരീഷ് ഉത്തമന്‍
Entertainment news
മായാനദിയാണ് എന്റെ ഫേവറിറ്റ് സിനിമ, ഏത് സെറ്റില്‍ പോയാലും മായാനദിയില്‍ വര്‍ക്ക് ചെയ്ത അനുഭവം പറയാറുണ്ട്: ഹരീഷ് ഉത്തമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st October 2022, 2:18 pm

2017ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് അതിലെ അപ്പുവും മാത്തനും. ചിത്രത്തില്‍ വ്യത്യസ്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു ഹരീഷ് ഉത്തമന്‍.

മായാനദിയില്‍ അഭിനയിച്ചതിനേക്കുറിച്ചുള്ള അനുഭവങ്ങള്‍ പറയുകയാണ് ഹരീഷ്. തനിക്ക് ഏറ്റവും ഫേവറിറ്റ് ചിത്രമാണ് മായാനദിയെന്നും ഏത് സെറ്റില്‍ ചെന്നാലും മായാനദിയെക്കുറിച്ച് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്തന്റെ കഥാപാത്രവുമായി സാമ്യത കാണുന്ന ചില എലമെന്റ്‌സ് തന്റെ കഥാപാത്രത്തിനുണ്ടെന്നും ഹരീഷ് പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് മായാനദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

”മായാനദിയാണ് എന്റെ ഫേവറിറ്റ് സിനിമ. മായാനദി എനിക്ക് പ്രേത്യക അനുഭവമാണ്. ഏത് സെറ്റില്‍ പോയാലും മായാനദിയില്‍ വര്‍ക്ക് ചെയ്ത അനുഭവം ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. അതില്‍ എല്ലാവരുമായി ഡിസ്‌കസ് ചെയ്തിട്ടാണ് ഓരോ സീനും എടുക്കുക.

ആഷിക് അബു എന്റെ അത്രയും ഫേവറിറ്റാണ്. ഹരീഷ് ഫ്രീയാണോ എന്ന് ചുമ്മാ ചോദിച്ചാല്‍ തന്നെ ഞാന്‍ ബാഗും പാക്ക് ചെയ്ത് അദ്ദേഹത്തിന്റെ സെറ്റിലേക്ക് പോകും. എനിക്ക് തോന്നുന്നു മാത്തന്‍ എന്ന കഥാപാത്രവും അപ്പുവും ഒരേ വേവാണ്. അതുകൊണ്ടാണ് നമ്മളെ അത്രയും പിടിച്ച് നിര്‍ത്തുന്നത്.

അതിലെ എന്റെ കഥാപാത്രം പൊലീസായിരുന്നല്ലോ. എന്റെ കഥാപാത്രത്തെ നോക്കുവാണെങ്കില്‍ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ കൂടെ ജീവിതം തുടങ്ങാന്‍ പോകുന്ന വ്യക്തിയാണ്. മാത്തനെ നോക്കുകയാണെങ്കില്‍ അയാള്‍ ഒരു കുട്ടിയെ സ്‌നേഹിക്കുന്നു. അവളുമായി ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി.

എന്തൊക്കെയോ കണക്ഷനുകള്‍ ഇവര്‍ തമ്മില്‍ ഉണ്ട്. എന്റെ കഥാപാത്രത്തിന് മനുഷ്യത്വം ഉണ്ട്. അത്തരം ഒരു ഹ്യൂമന്‍ ഇമോഷന്‍സ് ഉള്ളത് കൊണ്ടാകും ആളുകള്‍ക്ക് ടച്ചിങ്ങായി തോന്നിയത്,” ഹരീഷ് ഉത്തമന്‍ പറഞ്ഞു.

അപര്‍ണ ബാലമുരളി ലീഡ് റോളില്‍ എത്തിയ ഇനി ഉത്തരമാണ് മലയാളത്തില്‍ ഇറങ്ങിയ ഹരീഷിന്റെ അടുത്തിറങ്ങിയ ചിത്രം. ഈ സിനിമയിലും പൊലീസ് വേഷമാണ് താരം അവതരിപ്പിച്ചത്.

content highlight: actor harish uthaman about mayanadhi