നോ പറഞ്ഞ സിനിമകള്‍ ഓര്‍ത്ത് താന്‍ ഇതുവരെ ദു:ഖിച്ചിട്ടില്ലെന്നും പക്ഷേ തന്റെ അടുത്ത് എത്തിപ്പെടാതെ പോയ ഒരു സിനിമയോര്‍ത്ത് വിഷമമുണ്ടെന്നും പറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
ആയുഷ്മാന്‍ ഖുറാന, രാധിക ആപ്‌തെ എന്നിവര്‍ അഭിനയിച്ച് ശ്രീ റാം രാഘവന്‍ സംവിധാനം ചെയ്ത് അന്ധാധുന്‍ എന്ന ചിത്രമായിരുന്നു അതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
അന്ധാധുനിന്റെ എന്‍ക്വയറി വന്നിരുന്നെന്നും പക്ഷേ എന്തോ ഒരു മിസ് കമ്യൂണിക്കേഷന്‍ കാരണം അത് നടക്കാതെ പോയെന്നുമായിരുന്നു ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്.
സുകുമാരക്കുറുപ്പിനോട് വെറുപ്പ് തോന്നുകയാണെങ്കില്‍ അതാണ് ഈ സിനിമയുടെ വിജയം എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ വെറുപ്പ് തോന്നണമെന്നും അത് തന്നെയാണ് തങ്ങളുടേയും ആഗ്രഹം എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.
കേരളത്തിലെ തിയേറ്ററില്‍ പോയി താങ്കള്‍ സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ചെറുപ്പത്തില്‍കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.
സ്റ്റാര്‍ ആയ ശേഷം എന്തുകൊണ്ട് പോയില്ലെന്ന ചോദ്യത്തിന് തനിക്ക് പേടിയാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ പോയി, എങ്ങനെ തിരിച്ച് വണ്ടിയില്‍ കേറും എന്നോര്‍ത്ത് ടെന്‍ഷനാണെന്ന് താരം പറയുന്നു.
ഇന്‍ട്രോവേര്‍ട്ട് ആണോ എന്ന ചോദ്യത്തിന് ഒരുപരിധിവരെ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഒരു വലിയ ക്രൗഡിന്റെ ഇടയിലേക്ക് പോകുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റുമെന്നൊക്കെയുള്ള പേടിയാണ്. എനിക്ക് പറ്റും എന്നുള്ളത് മാത്രമല്ല. ഭയങ്കര തിക്കും തിരക്കും വരുമ്പോഴൊക്കെ ഭയങ്കര പേടിയാണ്, ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന് ആദ്യമായി ലഭിച്ച വരുമാനം എത്രയായിരുന്നെന്ന ചോദ്യത്തിന് പത്ത് വയസില്‍ ചെയ്ത പരസ്യ ചിത്രത്തിന് 2000 രൂപ കിട്ടിയെന്നായിരുന്നു താരം പറഞ്ഞത്. ആ കണക്ക് പറഞ്ഞുകൊണ്ട് ടോയ്‌സും മറ്റും വാങ്ങാനൊക്കെ ഉമ്മയുടെ കൈയില്‍ നിന്ന് ഒരുപാട് പണം പിന്നീട് വാങ്ങിയെടുത്തിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.