ഇതൊക്കെ പപ്പയ്ക്കറിയാവുന്ന കാര്യമല്ലേ, പിന്നെന്തിനാ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നത് എന്ന് ചോദിച്ച് അവന്‍ ചൂടാകും; സുനാമി ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ലാല്‍
നടനും സംവിധായകനുമായ ലാലും മകന്‍ ലാല്‍ ജൂനിയറും (ജീന്‍ പോള്‍) ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സുനാമി. മാര്‍ച്ച് 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ലാല്‍ തന്നെ എഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു സുനാമി. എന്നാല്‍, ഷൂട്ടിങ് പ്ലാന്‍ ചെയ്തിരുന്ന സമയത്ത് കുറേയേറെ തമിഴ് ചിത്രങ്ങളുടെ ഓഫറുകള്‍ ലാലിനെ തേടിയെത്തി. ഇതോടെയാണ് സിനിമയുടെ സംവിധാനം ഏറ്റെടുക്കാന്‍ ലാല്‍ മകനോട് ആവശ്യപ്പെടുന്നത്.
ആദ്യം ഒന്നു മടിച്ചെങ്കിലും കഥ കേട്ടപ്പോള്‍ അവനിഷ്ടപ്പെട്ടെന്നും പക്ഷേ ഷൂട്ടിങ് ആരംഭിക്കാറായപ്പോള്‍ അവനും ഓഫറുകള്‍ വരാന്‍ തുടങ്ങിയെന്നും ഇതോടെ അവനും തിരക്കിലായെന്നും ലാല്‍ മലയാള മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തുടര്‍ന്നു രണ്ടു പേരുടെയും ഡേറ്റ് ചാര്‍ട്ട് ചെയ്തു ഒഴിവുള്ള ദിവസങ്ങളില്‍ മാറി മാറി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, പിന്നീട് വിവിധ കാരണങ്ങള്‍ കൊണ്ട് ഈ പ്രോജക്ടുകളെല്ലാം നീട്ടിവച്ചു. ഒടുവില്‍ രണ്ടു പേര്‍ക്കും ഇഷ്ടം പോലെ സമയമായപ്പോഴാണ് ഒരുമിച്ച് സംവിധാനം ചെയ്യുക എന്ന ആശയത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് ഇരുവരും പറയുന്നു.
അച്ഛനും മകനും ചേര്‍ന്നുള്ള സംവിധാനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ഇത്രയും കാലം ഒരുമിച്ചു ജീവിച്ച ആളുകളായതു കൊണ്ടു കാര്യങ്ങള്‍ അന്യോന്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും ഈഗോ ഒട്ടുമില്ലായിരുന്നു എന്നുമായിരുന്നു ലാലിന്റെ മറുപടി.
‘ഇവന്‍ നല്ല ഉഴപ്പായിരുന്നു. ഞാനൊക്കെ വര്‍ക്ക് ഹോളിക് ആണ്. ഭ്രാന്തു പിടിച്ചു ജോലി ചെയ്യും. കടുത്ത ടെന്‍ഷനാണ്. പക്ഷേ ഇവരൊക്കെ നന്നായി എന്‍ജോയ് ചെയ്തു ജോലി ചെയ്യുന്ന കൂട്ടത്തിലാണ്. പാട്ടൊക്കെ കേട്ട് അടിച്ചു പൊളിച്ചാണു ജോലി,’ ലാല്‍ പറയുന്നു.
ഷൂട്ടിങ്ങിനിടെ അച്ഛനെ മകന്‍ തിരുത്തുമോ എന്ന ചോദ്യത്തിന് താന്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം കൊടുക്കാറുണ്ടെന്നും എല്ലാവരോടും അഭിപ്രായവും ചോദിക്കുമെന്നുമായിരുന്നു ലാലിന്റെ മറുപടി.’ ഇവന്‍ ചിലപ്പോ ദേഷ്യപ്പെടും. ഇതൊക്കെ പപ്പയ്ക്കറിയാവുന്ന കാര്യമല്ലേ, പിന്നെന്തിനാ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നത് എന്നു ചോദിക്കും. ചില കാര്യങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതില്‍ നിന്നു ലഭിക്കാറുണ്ട്. ഇവന്‍ മാത്രമല്ല, ഭാര്യയും അഭിപ്രായം പറയാറുണ്ട്. ഇവന്റെ അഭിപ്രായങ്ങള്‍ക്കു കൂടുതല്‍ വില നല്‍കാറുമുണ്ട്. കാരണം വളരെയേറെ സിനിമകള്‍ കാണാനും ഇവന്‍ സമയം ചെലവഴിക്കാറുണ്ട് എന്നറിയാവുന്നതു കൊണ്ടു കൂടിയാണ്,’ ലാല്‍ പറയുന്നു.
അതേസമയം പപ്പയോടൊത്തുള്ള ജോലി തനിക്ക് ഈസിയായിരുന്നെന്നാണ് ലാല്‍ ജൂനിയര്‍ പറഞ്ഞത്. ‘എല്ലാവരുടെയും വിചാരം പപ്പയോടൊപ്പം ജോലി ചെയ്യുന്നതു ബുദ്ധിമുട്ടായിരിക്കും എന്നാണ്. അങ്ങനെയൊരു കണ്‍സെപ്റ്റ് ആണ് അവര്‍ മനസ്സില്‍ രൂപപ്പെടുത്തി വച്ചിരിക്കുന്നത്. പപ്പയുണ്ടെങ്കില്‍ അത്രയും ടെന്‍ഷന്‍ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. പപ്പ തന്നെയാകും പ്രധാന കാര്യങ്ങളെല്ലാം ചെയ്യുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു ‘ഗ്ലോറിഫൈഡ് അസിസ്റ്റന്റ് ഡയറക്ടര്‍’ എന്ന മട്ടിലാണ് ഞാന്‍ പപ്പയോടൊപ്പം ജോലി ചെയ്തത്. അതെനിക്കിഷ്ടവുമാണ്,’ ലാല്‍ ജൂനിയര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക