Advertisement
Movie Day
അമ്മയുടെ മെമ്പര്‍ഷിപ്പ് ഫോം തന്ന്, സംഘടനയില്‍ ചേരണമെന്ന് ഇന്നസെന്റ് പറഞ്ഞു; സിനിമയില്‍ നില്‍ക്കുമോയെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു: ധര്‍മജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 29, 12:14 pm
Monday, 29th May 2023, 5:44 pm

തന്റെ ആദ്യ സിനിമയില്‍ ആദ്യ ദിവസം മുതല്‍ താനും ഇന്നസെന്റും ഒരുമിച്ചായിരുന്നെന്ന് നടന്‍ ധര്‍മജന്‍. ആര്‍ക്കും ഒരു എതിര്‍പ്പില്ലാത്ത വ്യക്തിയായിരുന്നു ഇന്നസെന്റെന്നും അതാണ് അത്രയും വര്‍ഷം അമ്മയുടെ പ്രസിഡന്റായി ഇരിക്കാന്‍ കാരണമെന്നും ധര്‍മജന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഫസ്റ്റ് പടത്തില്‍ ഫസ്റ്റ് ദിവസം തുടങ്ങി ഞാനും ഇന്നസെന്റ് ചേട്ടനും ഒരുമിച്ചായിരുന്നു. ഞങ്ങള്‍ ഒരു ഫ്‌ലോറില്‍ അടുത്തടുത്ത റൂമില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നെ ഫുഡ് കഴിക്കാനൊക്കെ അങ്ങോട്ട് വിളിക്കും. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കും. ചിലപ്പോഴൊക്കെ ഒരുമിച്ച് കിടക്കും. നമ്മളൊരു തുടക്കക്കാരനാണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

ഒരു ദിവസം എനിക്ക് അമ്മയുടെ മെമ്പര്‍ഷിപ്പ് തന്നിട്ട് അതില്‍ ചേരണമെന്ന് പറഞ്ഞു. ഞാന്‍ സിനിമയില്‍ ഞാന്‍ നില്‍ക്കുമോ എന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഫോം കൊണ്ടുവന്ന് വീട്ടില്‍ വെച്ചു. പിന്നെ ഏതോ സിനിമ ചെയ്യുന്നതിനിടെ എന്നോട് നീ മെമ്പര്‍ഷിപ്പ് എടുത്തില്ലല്ലോ ഞാന്‍ ഫോം തന്നിട്ടുണ്ടായിരുന്നല്ലോ എന്ന് ചോദിച്ചു. പൈസ കൂടും പിന്നെ അത് പണിയാകും എന്ന് ഇന്നസെന്റ് പറഞ്ഞു.

അങ്ങിനെ ഞാന്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു. എല്ലാവരോടും നല്ല രീതിയില്‍ നില്‍ക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ആര്‍ക്കും ഒരു പരാതിയുണ്ടായിരുന്നില്ല അദ്ദേഹത്തെ കുറിച്ച്. ആര്‍ക്കും ഒരു എതിരുണ്ടായിരുന്നില്ല അവരോട്. വഴക്കു പറഞ്ഞാലും ചിലപ്പോള്‍ വിഷമം തോന്നില്ല. അതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. അതാണ് അത്രയും വര്‍ഷം ഇന്നസെന്റ് ചേട്ടന്‍ അമ്മയുടെ പ്രസിഡന്റായി ഇരിക്കാന്‍ കാരണം. അത് ലാലേട്ടനും മമ്മൂക്കയുമൊക്കെ അംഗീകരിക്കുന്ന ഒരു കാര്യമാണ്,’ ധര്‍മജന്‍ പറഞ്ഞു.

തനിക്ക് സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍ അവസരം ഒരുക്കിതന്നത് ഇന്നസെന്റ് ആയിരുന്നെന്നും സത്യന്‍ അന്തിക്കാടിനെ കണ്ട് ഒരൊറ്റ ദിവസം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ ഉടനീള കഥാപാത്രം ലഭിച്ചെന്നും ധര്‍മജന്‍ പറഞ്ഞു.

‘സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍ ഞാന്‍ അത് ഇന്നസെന്റ് ചേട്ടനെ വിളിച്ച് പറഞ്ഞു. ഇപ്പോഴുള്ള സിനിമയിലല്ല അടുത്ത സിനിമയില്‍ ഒരു ചെറിയ ഒരു റോള്‍ മതി എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം സത്യന്‍ ആലപ്പുഴയിലുണ്ട്, പോയി കാണാന്‍ പറഞ്ഞു.

പിന്നീട് ആ സിനിമയില്‍ വേഷം, ഒരൊറ്റ ദിവസം കൊണ്ട് സത്യന്‍ സാറിന്റെ ഒരു സിനിമയില്‍ ത്രൂ ഔട്ട് ഒരു വേഷം കിട്ടി,’ ധര്‍മജന്‍ പറഞ്ഞു.