Entertainment
അഭിനയം നിര്‍ത്തുകയാണ്, നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ടുവേണം നിര്‍ത്താനെന്ന് ആ സംവിധായകനോട് പറഞ്ഞു; ബൈജു പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 25, 10:17 am
Friday, 25th June 2021, 3:47 pm

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ബൈജു. തന്റെ അഭിനയജീവിതത്തിലെ ചില സംഭവങ്ങള്‍ തുറന്നുപറയുകയാണ് ബൈജു.

അഭിനയിക്കാന്‍ ഒരിക്കലും ആരോടും ചാന്‍സ് ചോദിച്ച് നടന്നിട്ടില്ലെന്നും ഇടിച്ചുകേറുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ലല്ലുവിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നു.

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ച് നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്ന് താന്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും ബൈജു പറഞ്ഞു.

‘രഞ്ജിത്ത് ഒരിക്കല്‍ എന്റെ പടം കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചു. എങ്കിലും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങള്‍ എന്നെ വിളിച്ചില്ലല്ലോ എന്നാണ് എന്റെ മനസ്സില്‍ തോന്നിയിരുന്നത്. പിന്നീട് കുറേ കാലം കഴിഞ്ഞ് അഭിനയമെല്ലാം നിര്‍ത്താമെന്ന് കരുതിയിരുന്ന സമയത്ത് ഞാന്‍ രഞ്ജിത്തിനെ വിളിച്ചു.

നല്ലൊരു സിനിമയില്‍ അഭിനയിച്ചിട്ട് നിര്‍ത്തണമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് നിര്‍ത്തണം എന്ന് ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. അഭിനയം നിര്‍ത്തുന്നതൊന്നും ആലോചിക്കരുതെന്നാണ് രഞ്ജിത്ത് അന്ന് മറുപടി പറഞ്ഞത്. അങ്ങനെയാണ് പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍പണം എന്ന പടത്തില്‍ അഭിനയിക്കുന്നത്,’ ബൈജു പറയുന്നു.

പുത്തന്‍ പണത്തിന് ശേഷം പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നുവെന്നും ഇനി മുതല്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രം കിട്ടുന്ന സിനിമകള്‍ ഒഴിവാക്കി കാര്യമായ റോളുകള്‍ മാത്രമേ ചെയ്യൂവെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Byju shares experience with Renjith