2018 എന്ന സിനിമയോട് ഞാന്‍ ചാടിക്കേറി യെസ് പറഞ്ഞിട്ടില്ല, ഞങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ക്കൊന്നും സിനിമയിലൊരു സ്ഥാനവുമില്ല: ആസിഫ് അലി
Entertainment news
2018 എന്ന സിനിമയോട് ഞാന്‍ ചാടിക്കേറി യെസ് പറഞ്ഞിട്ടില്ല, ഞങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ക്കൊന്നും സിനിമയിലൊരു സ്ഥാനവുമില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 10:36 pm

തങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ക്കൊന്നും സിനിമയില്‍ ഒരു സ്ഥാനവുമില്ലെന്ന് ആസിഫ് അലി. സിനിമയില്‍ വര്‍ക്ക് ചെയ്ത ഓരോ വ്യക്തിയും അത്രമാത്രം ഡെഡിക്കേറ്റഡായാണ് വര്‍ക്ക് ചെയ്തതെന്നും ആസിഫ് പറഞ്ഞു. ഈ കാലഘട്ടത്തിന്റെ കഥ പറയുന്നതുകൊണ്ടുതന്നെ പൊടിപ്പും തൊങ്ങലുമൊന്നും സിനിമയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു.

‘ഈ സിനിമ കണ്ടാല്‍ മനസിലാകും എത്രത്തോളം എഫര്‍ട്ടെടുത്ത് ചെയ്‌തൊരു വര്‍ക്കാണിതെന്ന്. ഞങ്ങളാരുടെയും പേഴ്‌സണലായ ശാരീരികബുദ്ധിമുട്ടുകള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല ഈ സിനിമയില്‍. കാരണം, സിനിമയില്‍ വര്‍ക്ക് ചെയ്ത ഓരോ വ്യക്തിയും അത്രമാത്രം ഡെഡിക്കേറ്റഡായാണ് വര്‍ക്ക് ചെയ്തത്.

ഞാനും ലാല്‍ അങ്കിളും നരെയ്‌നും രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന സീനുകളുണ്ട്. ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് വെള്ളത്തില്‍ രാത്രി മുഴുവന്‍ നിന്ന് ക്ഷീണം തോന്നി ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ലാല്‍ സര്‍ അവിടെ പന പോലെ നില്‍ക്കുന്നുണ്ടാവും.

നമ്മളേക്കാളൊക്കെ ഒരുപാട് പ്രായവ്യത്യാസമുള്ള ആളാണ്, വളരെ സീനിയറാണ്. അദ്ദേഹം ഒരു കൂസലുമില്ലാതെ നിന്ന് അഭിനയിക്കുന്നുണ്ടാവും. ഈ സിനിമക്ക് വേണ്ടിയുള്ള എഫര്‍ട്ടെന്താണെന്ന് നമ്മള്‍ക്കെല്ലാര്‍ക്കും അറിയാവുന്നതാണ്.

പിന്നെ നമ്മള്‍ കാണിക്കുന്നത് പ്രളയമാണ്. മലയാളികള്‍ ഇത്ര ഭീകരമായൊരു പ്രകൃതി ദുരന്തം ഫേസ് ചെയ്തിട്ടില്ല. വേറൊരു കാലഘട്ടത്തിന്റെ കഥ പറയുകയാണെങ്കില്‍ നമുക്ക് ചില പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ക്കാന്‍ കഴിയും. പക്ഷേ ഇതങ്ങനെയല്ല. പ്രളയം അനുഭവിച്ച അതേ തലമുറയില്‍പ്പെട്ട ആളുകളാണ് ഈ സിനിമ കാണുന്നത്, ‘ ആസിഫ് പറഞ്ഞു.

ഈ സിനിമയോട് താന്‍ ചാടിക്കേറി യെസ് പറഞ്ഞിട്ടില്ലെന്നും നടന്‍ പറഞ്ഞു. മലയാളികളുടെ പ്രളയാനുഭവങ്ങളോട് ജസ്റ്റിഫൈ ചെയ്യുന്നൊരു തിരക്കഥയാണെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് താന്‍ സിനിമ ചെയ്യാന്‍ തയ്യാറായതെന്നും ആസിഫ് പറഞ്ഞു.

‘ഈ സിനിമയോട് ഞാന്‍ ചാടിക്കേറി യെസ് പറഞ്ഞിട്ടില്ല. ഇതൊരിക്കലും നമ്മുടെ ഭാവനയില്‍ നിന്നുണ്ടായി വരുന്നൊരു കഥയല്ല. നമ്മള്‍ അനുഭവിച്ചൊരു കഥയാണ്. അതിനോട് ജസ്റ്റിഫൈ ചെയ്യുന്നൊരു തിരക്കഥയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് എല്ലാവരും സിനിമയോട് യെസ് പറഞ്ഞത്. ഇതിന്റെ പ്രൊഡ്യൂസര്‍ ഉള്‍പ്പെടെ.

ഇങ്ങനെയൊരു സിനിമ സംഭവിക്കുമ്പോള്‍ ഇതിന് വരുന്നൊരു ചെലവ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, കുറേയധികം ദിവസങ്ങളുടെ ഷൂട്ട്, സ്റ്റാര്‍ കാസ്റ്റ് എന്നിങ്ങനെ ഒട്ടനേകം കാര്യങ്ങളാണ് ഒരു സിനിമ നന്നായി വരണമെങ്കില്‍ വേണ്ടത്. അങ്ങനെയൊരുപാട് ഘടകങ്ങള്‍ ഒന്നിച്ച് വന്നതിന് ശേഷമാണ് ഈ സിനിമ സംഭവിച്ചത്, ആസിഫ് പറഞ്ഞു.

Content Highlights: Actor Asif Ali about 2018 movie