'സൂപ്പർസ്റ്റാർ ലുക്കു പറയൂ', ആ വീഡിയോ എന്റെ കയ്യിൽ ഇപ്പോഴുമുണ്ട്: അർജുൻ അശോകൻ
ഉണ്ട സിനിമ മുതൽ താനും ലുക്മാനും നല്ല കൂട്ടായിരുന്നെന്ന് നടൻ അർജുൻ അശോകൻ. താൻ സിനിമയിൽ മുന്നേറുമെന്ന് ലുക്മാൻ പറയുമായിരുന്നെന്നും അവനെ കളിയാക്കാൻ വേണ്ടി എടുത്ത വീഡിയോ ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും താരം പറഞ്ഞു. സിനിമയിൽ എത്തണമെന്നുള്ളത് അവന്റെ ആഗ്രഹമായിരുനെന്നും ലുക്മാന്റെ ഉള്ളിൽ ഫയർ ഉണ്ടെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ലുക്മാനെക്കുറിച്ചുള്ള പ്രതികരണം.
‘ഉണ്ട സിനിമ മുതൽ ഞാനും ലുക്കുവും ഭയങ്കര കമ്പനിയാണ്. ഒരു ഹോട്ടലിലായിരുന്നു താമസിച്ചത്. യാത്ര ചെയ്യുന്നതും ഒരുമിച്ച് ആയിരുന്നു. അന്നുമുതലേ അവൻ പറയുമായിരുന്നു ‘എടാ ഞാൻ കയറും, ഞാൻ എത്തും കണ്ടോ’,എന്നൊക്കെ. ആ നീ കേറ് നോക്കട്ടെ എന്ന് ഞാൻ പറയും. ‘സൂപ്പർസ്റ്റാർ ലുക്കു പറയൂ’ എന്ന രീതിയിൽ അവനെ കളിയാക്കാൻ വേണ്ടി നമ്മൾ വീഡിയോ ഒക്കെ എടുത്തത് ഇപ്പോഴും എൻ്റെ കയ്യിലുണ്ട്.
അവന്റെ ഉള്ളിൽ ഒരു ഫയർ ഉണ്ട്. അവന്റെ ആഗ്രഹമാണ് എത്തും എന്നുള്ളത്. സ്വപ്നമുണ്ടെങ്കിൽ, ഹാർഡ്‌വർക്ക് ചെയ്താൽ എത്തും എന്നുള്ളതിന് തെളിവാണ് ഞങ്ങൾ എല്ലാവരും,’ അർജുൻ അശോകൻ പറഞ്ഞു.
താനും ലുക്മാനുമൊക്കെ സിനിമയെ ഒരുപാട് ആഗ്രഹിച്ച് വന്നവരാണെന്നും അതിനായി കഠിനമായി പരിശ്രമിച്ചതിനുള്ള തെളിവാണ് തങ്ങളുടെ കരിയറിൽ കാണാൻ കഴിയുന്നതെന്നും അർജുൻ പറഞ്ഞു. തന്റെ പേരിന്റെ കൂടെ അശോകൻ എന്നുള്ളത് പ്രിവിലേജ് ആണെന്നും ആളുകൾ തന്നെ തിരിച്ചറിയുന്നത് തന്നെ അശോകന്റെ മകനായിട്ടാണെന്നും താരം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയാണ് ഉണ്ട. അർജുനും ലുക്മാനും പുറമെ ആസിഫ് അലി, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, റോണി ഡേവിഡ്, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ജോജി തോമസ്, രാജേഷ് മോഹൻ ചേർന്ന് സംവിധാനം ചെയ്ത തീപ്പൊരി ബെന്നിയാണ് അർജുൻ അശോകന്റെ റിലീസായ പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേറാണ് താരത്തിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. അരുൺ നാരായണനും വേണു കുന്നപ്പിള്ളി ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ജിന്റോ ജോർജാണ്. മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഭ്രമയുഗം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗിമിച്ചുകൊണ്ടിരിക്കുന്നു.
Content Highlight:Actor Arjun Ashokan said that he and Lukhman were good friends since Unda movie