നെറ്റ്ഫ്‌ളിക്‌സില്‍ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്ത കൊറിയന്‍ വെബ്‌സീരീസ് ‘സ്‌ക്വിഡ് ഗെയിം’ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ അനുപം ത്രിപാഠിയും സീരീസില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
അലി അബ്ദുല്‍ (പ്ലെയര്‍ നമ്പര്‍ 199) എന്ന പാകിസ്ഥാനി കുടിയേറ്റ യുവാവിന്റെ വേഷമാണ് ത്രിപാഠി സീരീസില്‍ അവതരിപ്പിക്കുന്നത്. അനുപം ത്രിപാഠിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഇദ്ദേഹത്തെ ഒരുപാട് പേര്‍ സമൂഹമാധ്യമങ്ങളില്‍ തിരയുകയും അഭിനയത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ വെബ്‌സീരീസിന്റെ വിജയത്തെക്കുറിച്ചും തന്റെ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെക്കുറിച്ചും സംസാരിക്കുകയാണ് അനുപം ത്രിപാഠി.
ഇത്തരത്തിലൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ത്രിപാഠി പറയുന്നത്. തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരുന്നവരുടെ എണ്ണം 3000ല്‍ നിന്നും സീരീസ് റിലീസ് ചെയ്തതിന് ശേഷം 30 ലക്ഷത്തിലെത്തിയെന്നും ഒരുപാട് പേര്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”സെപ്റ്റംബര്‍ 17 വരെ എനിക്ക് ഏകദേശം 3000 പേരെയേ അറിയാമായിരുന്നുള്ളൂ. എന്നാല്‍ സീരീസ് റിലീസ് ചെയ്ത് കുറച്ച് മണിക്കൂറുകള്‍ക്കകം തന്നെ എനിക്ക് മെസേജുകള്‍ വരാന്‍ തുടങ്ങി. അത് ഇതുവരെ അവസാനിച്ചിട്ടില്ല.
50000ല്‍ നിന്ന് 10 ലക്ഷത്തിലേക്കും പിന്നീട് 15 ലക്ഷത്തിലേക്കും അവിടുന്നും മുകളിലേയ്ക്കും എന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിക്കുന്നത് കാണുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഇത്തരം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല, വളരെ സന്തോഷമുണ്ട്.