ആനേടെ അടുത്തേക്ക് വാടാ....; ഇടഞ്ഞ കൊമ്പനുമൊത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടം ആഘോഷിച്ച് ആന്റണി വര്‍ഗീസ്
Movie Day
ആനേടെ അടുത്തേക്ക് വാടാ....; ഇടഞ്ഞ കൊമ്പനുമൊത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടം ആഘോഷിച്ച് ആന്റണി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th January 2022, 11:22 pm

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടം ആഘോഷിച്ച് നടന്‍ ആന്റണി വര്‍ഗീസ്.

തന്റെ പുതിയ ചിത്രമായ അജഗജാന്തരത്തിലെ ഒരു രംഗം എഡിറ്റ് ചെയ്ത പോസ്റ്ററാണ് ആന്റണി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഡയലോഗായ ഇടഞ്ഞ കൊമ്പനെ തടഞ്ഞുനോക്കടാ… എന്നതിനെ ഓര്‍മപ്പെടുത്തിയാണ് ആന്റണിയുടെ പോസ്റ്റര്‍. ‘ബ്ലാസ്റ്റേഴ്സ് വെറും തീ’ എന്ന ക്യാപ്ഷനോടൊപ്പം പങ്കുവെച്ച പോസ്റ്ററില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയിട്ട ആന്റണി ആനയുടെ കൊമ്പ് പിടിച്ച് മാസ് ലുക്കിലുള്ള രംഗമാണുള്ളത്. ആനേടെ അടുത്തേക്ക് വാടാ… എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

അജഗജാന്തരത്തിന്റെ വിജയത്തോടെ കരിയറില്‍ ഇതുവരെ പരാജയം അറിയാത്ത താരം എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 2017 ചിത്രം അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ ആന്റണി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.

ഇതില്‍ ജല്ലിക്കട്ടിന്റെ സംവിധാനം ലിജോയും സ്വാതന്ത്ര്യത്തിന്റെ സംവിധാനം അജഗജാന്തരത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചനുമായിരുന്നു. ഒരു ഉത്സവ പറമ്പിന്റെ പശ്ചാത്തലത്തില്‍ ആനയും പാപ്പാന്മാരും നാട്ടുകാരുമൊക്കെ പങ്കാളികളാവുന്ന സംഘട്ടന രംഗങ്ങളാണ് അജഗജാന്തരന്റെ ഹൈലൈറ്റ്.

അതേസമയം, ഹൈദരാബാദ് എഫ്.സിയെ ഒറ്റഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ ഫുട്ബോളില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ലീഗിന്റെ തുടക്കം താഴെത്തട്ടിലായിരുന്ന മഞ്ഞപ്പട കഴിഞ്ഞ ഒമ്പത് കളിയിലും തോല്‍വി അറിയാതെ മുന്നേറി.

10 കളിയില്‍ നാല് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും സഹിതം 17 പോയിന്റായി. ആദ്യകളിയില്‍ എ.ടി.കെയോട് തോറ്റതിന് ശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ അപരാജിതരാണ് ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിക്കും ഇതേ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമന്‍മാരായി.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2014ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്.