ജൂറിക്ക് വേണ്ടി ഞാന്‍ സിനിമയെടുക്കാറില്ല; എന്റെ സിനിമ തിയേറ്ററില്‍ തന്നെ ജയിക്കണം: മുരളി ഗോപി
Entertainment
ജൂറിക്ക് വേണ്ടി ഞാന്‍ സിനിമയെടുക്കാറില്ല; എന്റെ സിനിമ തിയേറ്ററില്‍ തന്നെ ജയിക്കണം: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th March 2021, 11:40 am

നടനും തിരക്കഥാകൃത്തും ഗായകനുമായി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മുരളി ഗോപി. ദൃശ്യം 2വിലെ അദ്ദേഹത്തിന്റെ തോമസ് ബാസ്റ്റിയന്‍ എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായും മുരളി ഗോപി എത്തുന്നുണ്ട്.

ഇപ്പോള്‍ താന്‍ തിരക്കഥ ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ജൂറിയ്‌ക്കോ നിരൂപക പ്രശംസ നേടാനോ വേണ്ടി സിനിമ ചെയ്യാറില്ലെന്നും സ്വന്തം സിനിമകള്‍ തിയേറ്ററില്‍ തന്നെ ജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.

ചെയ്ത പല സിനിമകളും തിയേറ്ററില്‍ വിജയം നേടാതിരിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവ നല്ലതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

‘എന്റെ സിനിമ തീയറ്ററില്‍ തന്നെ വിജയിക്കണം എന്നു ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ടിയാന്‍, കമ്മാര സംഭവം പോലുള്ള സിനിമകള്‍ റീലിസ് ചെയ്തു രണ്ടു വര്‍ഷമൊക്കെ കഴിഞ്ഞ്, അത് ഭയങ്കര രസമുള്ള ആശയമായിരുന്നു, ഉഗ്രന്‍ ചിന്തയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ നിരാശ തോന്നും. കാരണം, ഞാന്‍ തിയേറ്ററുകള്‍ക്കു വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവിടെ അതു ഹിറ്റാകണം.

കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ ചിലര്‍ പറയും. അങ്ങനെ പറയുന്ന സുഹൃത്തുക്കളോട് ഞാന്‍ പറയും, എനിക്ക് കാലത്തിന് മുന്നേ സഞ്ചരിക്കണ്ട. എന്റെ കാലത്തില്‍ നിങ്ങള്‍ അതു കണ്ടിട്ട് കൊള്ളാമെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അല്ലാതെ അത് തിയേറ്ററില്‍ നിന്നും പോയിട്ട് പിന്നെ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇപ്പോള്‍ നല്ല സിനിമയാണെന്ന് പറയുന്നത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്.

ലൂസിഫറില്‍ ഞാന്‍ ട്രൈ ചെയ്തത് മാസ് എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയാണ്. അതാണ് രാജു (പൃഥ്വിരാജ്) റിലേറ്റ് ചെയ്തതും. അതു തന്നെയാണ് ആ സിനിമയുടെ വിജയവും. ജൂറിക്കു വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയോ നിരൂപകപ്രശംസയ്ക്കു വേണ്ടിയോ ഞാന്‍ സിനിമ ചെയ്യാറില്ല.

നിരൂപണത്തിനു വേണ്ടി സിനിമ നിര്‍മിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. സിനിമയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമയുടെ വിധി എന്താണെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളില്‍ അതു ശ്രദ്ധിക്കപ്പെടാതെ പോകാം. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും സങ്കടകരമായ കാര്യമാണ്,’ മുരളി ഗോപി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor and Script writer Murali Gopy about Awards and his movies