എന്ത് കാമ്പാണതിലുള്ളത്; എന്തെങ്കിലുമൊക്കെ പറയണം എന്ന് വിചാരിക്കുന്നവരുണ്ടാക്കിയ വിഷയം; കലോത്സവത്തിലെ നോണ്‍വെജ് വിവാദത്തില്‍ മുകേഷ്
Kerala News
എന്ത് കാമ്പാണതിലുള്ളത്; എന്തെങ്കിലുമൊക്കെ പറയണം എന്ന് വിചാരിക്കുന്നവരുണ്ടാക്കിയ വിഷയം; കലോത്സവത്തിലെ നോണ്‍വെജ് വിവാദത്തില്‍ മുകേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 1:16 pm

കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തിലെ നോണ്‍വെജ് വിവാദം ചിലര്‍ കരുതിക്കൂട്ടിയുണ്ടാക്കിയതാണെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കുട്ടികളുടെ കഴിവുകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.

‘കലോത്സവം കഴിഞ്ഞതിന് ശേഷമുള്ള ഭക്ഷണത്തിന്റെ ഒരു ചര്‍ച്ചവന്നു. അതിനകത്ത് എന്ത് കാമ്പാണുള്ളത്. കേരളത്തിലെ സാക്ഷരതയുള്ള, ബുദ്ധിയുള്ള മനുഷ്യര്‍ വിചാരിക്കുന്നത് കലോത്സവത്തില്‍ മോശം ഒന്നും വന്നില്ല എന്നാണ്. എന്തെങ്കിലും പറയണം എന്ന് വിചാരിക്കുന്നവരാണ് ഇത് വിവാദമാക്കിയത്.

അടുത്തപ്രാവശ്യം നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം, എന്ന ഉത്തരത്തോടെ തീരാവുന്ന വിവാദം മാത്രമായിരുന്നു അവിടെയുണ്ടായത്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് പറഞ്ഞാല്‍ അത് ആലോചിക്കാവുന്നതെയുള്ളു. ഇല്ലെങ്കില്‍ വേണ്ട. അേത്രയുള്ളു കാര്യങ്ങള്‍,’ മുകേഷ് പറഞ്ഞു.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുകേഷ് കഥകള്‍ റീലോഡെഡ് എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ആദ്യം തന്നെ കോഴിക്കോട് എന്ന സ്ഥലത്തിനാണ് നന്ദിപറയേണ്ടത്. വേറെ ഏത് ജില്ലയില്‍ ലിറ്ററേചര്‍ ഫെസ്റ്റിവല്‍ നടന്നാലും ഇത്തരമൊരു ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെയായിരുന്നു എന്റെ സെഷന്‍. ആ സമയത്തുള്ള ജനപങ്കാളിത്തം ഗംഭീരമായിരുന്നു,’ മുകേഷ് പറഞ്ഞു.

ഒരാളെ വിമര്‍ശിക്കാമെങ്കിലും മനുഷ്യനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരിഹാസത്തോട് വിയോജിക്കുന്നുവെന്നാണ് ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുകേഷ് നല്‍കിയ മറുപടി. അത് ഫെസ്‌ട്രേഷനാണെന്നും വിമര്‍ശനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.