തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുത്ത പാര്‍ട്ടി പരിപാടിയില്‍ വേദിയിലിരിക്കാന്‍ ഇടം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി നടന്‍ കൃഷ്ണകുമാര്‍. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണകുമാര്‍ പരിപാടി തീരും മുമ്പ് തന്നെ മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്.
അതേസമയം, തര്‍ക്കങ്ങളുണ്ടെങ്കിലും ബി.ജെ.പി വിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നമ്മുടെ സമയം നമ്മെ അര്‍ഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണ് യോഗം.
ഞാന്‍ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയില്‍ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണ് ഞാന്‍ തന്നെ ഓര്‍ക്കുന്നത്. ഇടയ്ക്ക് രണ്ട് പേര്‍ വേദിയില്‍ നിന്നിറങ്ങി വന്ന് എന്നോട് വേദിയിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഈ ഇരിപ്പിടത്തില്‍ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വിളിച്ചാല്‍ കിട്ടാറില്ല. പാര്‍ട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതില്‍ നടക്കുന്നില്ല. നേതാക്കള്‍ക്ക് അവരുടേതായ തിരക്കുള്ളത് കൊണ്ടാകാം തന്നെപ്പോലുള്ളവര്‍ വിളിച്ചാല്‍ കിട്ടാത്തത്,’ കൃഷ്ണകുമാര്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഭാരവാഹികള്‍ ആരും തന്നെ കൃഷ്ണകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കൃഷ്ണകുമാറിനെ ക്ഷണിച്ചത്. സദസിന്റെ മുന്‍നിരയില്‍ ഇരുന്ന അദ്ദേഹം പരിപാടി തീരും മുമ്പേ തിരികെ മടങ്ങുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 35,000ത്തോളം വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍ ബി.ജെ.പി കേരള ഘടകം കലാകാരന്മാരുടെ കൊഴിഞ്ഞുപോക്ക് നേരിട്ടിരുന്നു. സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്.