Film News
കഴിവിന്റെ പരമാവധി ശ്രമിച്ചു, നല്ലൊരു സിനിമ നല്‍കാനായില്ല, ശക്തമായി തിരിച്ചുവരും; ഏജന്റ് പരാജയത്തില്‍ അഖില്‍ അക്കിനേനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 16, 06:04 am
Tuesday, 16th May 2023, 11:34 am

തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ഏജന്റിന്റെ പരാജയത്തില്‍ പ്രതികരണവുമായി നടന്‍ അഖില്‍ അക്കിനേനി. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സിനിമ പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകരോട് സംവദിച്ചില്ലെന്നും ഒരു നല്ല സിനിമ നല്‍കാനായില്ല എന്നും അഖില്‍ പറഞ്ഞു.

പിന്തുണ നല്‍കിയ നിര്‍മാതാവിനും ഡിസ്ട്രിബ്യൂട്ടേഴ്‌സിനും മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ അഖില്‍ ശക്തമായി തിരിച്ചുവരുമെന്നും പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘നമ്മുടെ സിനിമക്ക് ജീവന്‍ നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്‌ക്രീനില്‍ സിനിമക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല.

എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ നിര്‍മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നന്ദി. വലിയ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി.

നിങ്ങള്‍ നല്‍കിയ സ്‌നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുമുള്ള നന്ദി. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും,’ അഖില്‍ പറഞ്ഞു.

അഖില്‍ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാന കഥാപാത്രമായെത്തിയ ഏജന്റ് വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച പോലെയുള്ള പ്രകടനമായിരുന്നില്ല ബോക്‌സ് ഓഫീസില്‍. വ്യാപക വിമര്‍ശനങ്ങളേയും തിയേറ്റര്‍ പരാജയത്തെ തുടര്‍ന്നും നിര്‍മാതാവ് അനില്‍ സുന്‍കര ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.

‘ഏജന്റ്’ ഞങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല’ എന്നായിരുന്നു അനില്‍ സുന്‍കര പ്രതികരിച്ചിരുന്നത്. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അനില്‍ സുന്‍കര ട്വിറ്ററില്‍ കുറിച്ചിരുന്നു.

Content Highlight: Actor Akhil Akkineni reacts to the failure of Agent