ഫലസ്തീൻ വംശഹത്യയിൽ അമേരിക്കയുടെ ഇരട്ടത്താപ്പ്; മാഗ്‌സസെ അവാർഡ് തിരിച്ചു നൽകുമെന്ന് സന്ദീപ് പാണ്ഡെ
national news
ഫലസ്തീൻ വംശഹത്യയിൽ അമേരിക്കയുടെ ഇരട്ടത്താപ്പ്; മാഗ്‌സസെ അവാർഡ് തിരിച്ചു നൽകുമെന്ന് സന്ദീപ് പാണ്ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 11:21 am

ന്യൂ ഡൽഹി: രമൺ മാഗ്‌സസെ അവാർഡ് തിരിച്ചു നൽകുമെന്ന് സാമൂഹ്യ പ്രവർത്തകനും, സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ജനറൽ സെക്രട്ടറിയുമായ സന്ദീപ് പാണ്ഡെ അറിയിച്ചു.

ഇസ്രഈൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യയിൽ അമേരിക്കയുടെ പങ്കിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിൻറെ തീരുമാനം. റോക്ക്ഫെല്ലർ ഫൗണ്ടേഷനാണ് രമൺ മാഗ്‌സസെ അവാർഡ് നൽകുന്നത്, എന്നാൽ ഇതിന് മറ്റ് അമേരിക്കൻ സംഘടനകളുമായി ബന്ധമുണ്ടായതിനാലാണ് സന്ദീപ് പാണ്ഡെ അവാർഡ് തിരിച്ചു നൽകാൻ തീരുമാനിച്ചത്.

ആശ ഫോർ എഡ്യൂക്കേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകരിൽ ഒരാളായ സന്ദീപ് പാണ്ഡെക്ക് 2002ൽ ആയിരുന്നു സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് രമൺ മാഗ്‌സസെ അവാർഡ് ലഭിച്ചത്.

മാഗ്‌സസെ അവാർഡിന് പുറമെ സിറാക്യൂസ് സർവകലാശാലയിൽ നിന്നും മാനുഫാക്ചറിങ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ നേടിയ ബിരുദാനന്തര ബിരുദവും, കാലിഫോർണിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് നേടിയ ഡോക്ടറൽ ബിരുദവും തിരിച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങളെ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യമാണ് യു.എസ്. നിർഭാഗ്യവശാൽ അത് രാജ്യത്തിനുള്ളിൽ മാത്രമാണ് ഉള്ളത്. വിദേശ കാര്യങ്ങളിൽ അമേരിക്ക ഇരട്ടത്താപ്പ് കാണിക്കുന്നുണ്ട് അതാണ് ഫലസ്തീൻ ഇസ്രഈൽ വിഷയത്തിൽ നമ്മൾ കണ്ടത് കൂടാതെ ഫലസ്തീൻ ആക്രമണത്തിന് ഇസ്രഈലിന് അമേരിക്ക പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് സന്ദീപ് പാണ്ഡെ പറഞ്ഞു.

യു.എൻ അംഗമായിട്ടുള്ള ഫലസ്തീൻ എന്ന രാജ്യം രൂപീകരിക്കുന്നതാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏക മാർഗം എന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ വിഷയത്തിൽ എടുത്ത നിലപാട് ഫലസ്തീൻ വിഷയത്തിൽ അമേരിക്ക എടുക്കാത്തത് എന്നും ചോദിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ വന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും അമേരിക്ക അവിടെ നിന്ന് പിന്മാറി, എന്നാൽ ഫലസ്തീൻ വിഷയത്തിൽ അമേരിക്കയുടെ നിലപാട് വ്യത്യസ്തമാണ്. ഇസ്രഈലും അമേരിക്കയും ഹമാസിനെ തീവ്രവാദി സംഘടന എന്ന് വിളിക്കുമ്പോഴും തെരഞ്ഞെടുപ്പ് വഴി ഫലസ്തീനിൽ അധികാരത്തിൽ എത്തിയവരാണ് അവരെന്നും അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രഈൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് സാലിഹ്-അൽ-അരൂരി കൊല്ലപ്പെട്ടിരുന്നു.

Content Highlights: Activist Sandeep Pandey returns Magsaysay award over US role in Gaza conflict