ഏറെ കാലമായി കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
‘ശാസ്ത്രജ്ഞന്‍’, ‘ഹിന്ദുമത പണ്ഡിതന്‍’, ‘ആത്മീയ പ്രഭാഷകന്‍’ എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
വിഭജനം ലക്ഷ്യം വെച്ച് കാളമൂത്രം പോലെ ടിയാന്‍ പുറത്തു വിടുന്ന വീഡിയോകള്‍ ആരും ഗൗനിക്കാറില്ല. പേപ്പട്ടിയെ എന്ന പോലെ വഴി ഒഴിഞ്ഞു പോവുകയാണ് പതിവ്.
എന്നാല്‍ ഈയിടെ (2021 ആഗസ്റ്റ് 25) പുറത്തു വന്ന ഒരു വീഡിയോ മാരകമാണ് എന്നു പറയാതെ വയ്യ. ഇന്ത്യക്കാരനായി ജനിച്ച ഒരാള്‍ക്ക് അതു കേള്‍ക്കേണ്ടി വരുന്നതില്‍ വലിയ ദുര്യോഗം ഇല്ല.
രാജ്യത്തെ സ്‌നേഹിച്ചുവളരുന്ന കുട്ടികളില്‍ അത് കടുത്ത നിരാശയും അസ്വാസ്ഥ്യവും ഉണ്ടാക്കും. മഹത്തായ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അത്ര പച്ചക്ക് അപമാനിക്കുകയാണ്.
ഇവിടെ മഹാത്മജിയെ കൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള നാഥുറാം വിനായക് ഗോഡ്‌സയുടെ കോടതിയിലെ വാദങ്ങള്‍ വായിക്കുകയും വിശദീകരിക്കുകയും ആ വാക്കുകള്‍ ‘ഹൃദയസ്പര്‍ശി’യാണെന്ന് സ്ഥാപിക്കുകയുമാണ് ഗോപാലകൃഷ്ണന്‍ ചെയ്യുന്നത്.
‘ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു?’ എന്നതിനുള്ള ഗോഡ്‌സേയുടെ വിശദീകരണം വായിക്കുന്നത് ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് ടിയാന്‍ പറയുന്നു.
ഈ മാരക വിഷവീഡിയോ ഇവിടെ ഷെയര്‍ ചെയ്യാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. പകരം ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ അവസാന ഭാഗം തഴെ ഉദ്ധരിക്കുന്നു:
‘നാഥുറാം വിനായക് ഗോഡ്‌സേയുടെ ഹൃദയസ്പര്‍ശിയായ ഈ വരികള്‍ വായിച്ചിട്ട് നമ്മളൊക്കെ വര്‍ഗീയവാദികളും ചാണകസംഘികളും ആര്‍.എസ്.എസുകാരും എല്ലാം ആയിത്തീര്‍ന്നാലും, ഒരു കാര്യം ഉറപ്പ്: പച്ചസത്യം, മഹാത്മാഗാന്ധി എന്ന വര്‍ഗീയവാദിയെക്കുറിച്ച് ലോകം അറിയണം. നെഹ്‌റുവിനെക്കുറിച്ച് ലോകം അറിയണം. ഈ നാടിനു വേണ്ടി പ്രവര്‍ത്തിച്ചവരെ കരിവാരിത്തേച്ചു കാണിച്ചതില്‍ ഒന്നാമന്‍ മഹാത്മാഗാന്ധിയാണ്.
‘പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ നമ്മള്‍ രാഷ്ട്രത്തിന്റെ പിതാവാക്കി മാറ്റി. അല്ല, നമ്മുടെ തലയില്‍ കെട്ടിവെച്ചു.
‘ഇത് വായിക്കാന്‍ എനിക്കൊരു പുണ്യം കിട്ടി. സത്യമേവ ജയതേ. പ്രണാമം. നമസ്‌ക്കാരം.’
മഹാത്മജിക്കെതിരായ ഈ വിഷപ്രചരണം പ്രിയപ്പെട്ട മലയാള ഭാഷയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നതില്‍ താന്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതല്‍ പണ്ഡിറ്റ് നെഹ്രു വരെയുള്ളവരുടെ സ്മരണക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഗതിയല്ല എന്നാണ് ഗോപാലകഷ്ണന്റെ പ്രഭാഷണം തെളിയിക്കുന്നതെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണത്. ഇന്ത്യ ഒരു രാഷ്ട്രമായി നില്‍ക്കുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ സംഭാവന ചെയ്തത് ദേശീയ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന് അത് ചരിത്രം മാത്രമല്ല. അസ്തിത്വത്തിന്റെ അടിവേരാണ്. അത് തകര്‍ക്കാന്‍ അനുവദിക്കരുത്, അശോകന്‍ ചരുവില്‍ പറഞ്ഞു.