ന്യൂദൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നാലെ സർക്കാർ മാസങ്ങൾക്ക് മുൻപ് പാസാക്കിയ പൊതുപരീക്ഷ (പ്രിവൻഷൻ ) നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. പൊതുപരീക്ഷകളിലെ കോപ്പിയടിയും തട്ടിപ്പുകളും തടയാൻ വേണ്ടിയാണ് നിയമം നിലവിൽ വരുന്നത്. ഈ നിയമത്തിന്റെ കീഴിൽ കോപ്പി ശിക്ഷിക്കപ്പെടുന്നവർക്ക് പത്ത് വർഷം വരെ തടവും ഒരു കോടി രൂപയോളം പിഴയും ഈടാക്കുമെന്നാണ് പറയുന്നത്.
നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നാലെ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉണ്ടായതിന് ശേഷമാണ് മുഖം രക്ഷിക്കാനുള്ള സർക്കാരിന്റെ നടപടി. ഫെബ്രുവരിയിൽ പാർലമെന്റ് പാസാക്കിയ നിയമം വെള്ളിയാഴ്ചയോടെയാണ് കേന്ദ്രപേർസണൽ ആൻഡ് പബ്ലിക് ഗ്രീവൻസ് മന്ത്രാലയം പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ചോദ്യപേപ്പറിന്റെയോ ഉത്തരസൂചികയുടെയോ ചോർച്ച, പൊതുപരീക്ഷകൾ എഴുതുന്നവരെ ഏതെങ്കിലും വിധത്തിൽ ഉദ്യോഗാർത്ഥികൾ അനധികൃതമായി സഹായിക്കുന്നത്, കമ്പ്യൂട്ടർ സിസ്റ്റത്തിൽ കൃത്രിമം കാണിക്കുന്നത് , ആൾമാറാട്ടം തുടങ്ങിയവയാണ് ഈ നിയമത്തിന് കീഴിൽ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നത്.
കൂടാതെ സാമ്പത്തിക ലാഭത്തിന് വേണ്ടി വ്യാജ വെബ്സൈറ്റ് നിർമിക്കുക, വ്യാജ പരീക്ഷ നടത്തുക, വ്യാജ അഡ്മിറ്റ് കാർഡുകൾ നിർമിക്കുക, ഇരിപ്പിടങ്ങളിൽ കൃത്രിമം കാണിക്കുക, പരീക്ഷയിൽ കോപ്പിയടിക്കാൻ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക എന്നിവയും ഈ നിയമത്തിന് കീഴിൽ കുറ്റകൃത്യമായി പരിഗണിക്കുന്നതാണ്. ഇരുപതോളം കുറ്റങ്ങളാണ് ഈ നിയമത്തിൽ ശിക്ഷാർഹമായി കണക്കാക്കപ്പെടുന്നത്.
‘ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ ശിക്ഷയും പത്ത് ലക്ഷം വരെ പിഴയും നൽകപ്പെടുന്നതാണ് സംഘടിതമായ കുറ്റകൃത്യമാണെങ്കിൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവും ഒരു കോടിയോളം പിഴയും ലഭിക്കുന്നതാണ് ,’ അധികൃതർ പറഞ്ഞു.
അതോടൊപ്പം വിദ്യാർത്ഥികളെ പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ നിയമപ്രകാരം ഒരു കോടി രൂപ വരെ പിഴ നൽകേണ്ടി വരും. കൂടാതെ പരീക്ഷാ ചെലവും ഇവരുടെ കൈയിൽ നിന്നും ഈടാക്കുന്നതാണ്. അതോടൊപ്പം ആ ഉദ്യോഗാർത്ഥികൾക്ക് അടുത്ത നാല് വർഷത്തേക്ക് പൊതുപരീക്ഷ നടത്തിപ്പിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും
അതോടൊപ്പം നീറ്റ് പരീക്ഷ ക്രമക്കേടുകൾ പുതുതായി വരുന്ന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlight: Act that punishes organised cheating in government exams comes into effect