എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ തിയേറ്ററില്‍ വിജയകരമായി തുടരുകയാണ്. ഫാന്റസി മൂഡില്‍ പോകുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ആസിഫ് അലി, നിവിന്‍ പോളി, ലാല്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഹാവീര്യറിലെ ഒരുപാട് സീനുകള്‍ കോടതിക്കകത്താണ് നടക്കുന്നത്. ഈ കോടതി രംഗങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഷാന്‍വി ശ്രീവാസ്തവ ചെയ്ത കഥാപാത്രം കോടതയില്‍ നഗ്‌നയായക്കപെടുന്ന ഒരു സീനുണ്ട്. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് എബ്രിഡ് ഷൈന്‍ ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലികപ്രസക്തിയുള്ളൊരു സ്ത്രീപക്ഷ സിനിമ കൂടിയാണല്ലോ മഹാവീര്യര്‍, പക്ഷേ അതിലെ വിവസ്ത്രരംഗങ്ങള്‍ കുടുംബപ്രേക്ഷകരെ ഞെട്ടിക്കില്ലേ എന്നതായിരുന്നു ചോദ്യം. സകുടുംബം കാണാന്‍ സാധിക്കാത്ത ഒരു രംഗം പോലും എന്റെ ചിത്രത്തിലുണ്ടാവരുതെന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നാണ് എബ്രിഡ് ഷൈന്‍ നല്‍കിയ മറുപടി.
‘മഹാഭാരതത്തിലെ രാജസദസില്‍ പരസ്യമായി വിവസ്ത്രയാക്കപ്പെട്ട ദ്രൗപദി മുതല്‍ ഈക്കാലത്ത് പോക്സോ കേസുകളില്‍ കോടതിവിചാരണകളില്‍ വാക്കുകളാല്‍ വിവസ്ത്രയാക്കപ്പെടുന്ന ഇരകള്‍ വരെ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ സമാനമാണ്.
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ കണ്ണുനീരു കണ്ട് നിര്‍വൃതി കൊള്ളുന്നവരാണ് മിക്ക സമൂഹങ്ങളും. അങ്ങനെ ഒരു കഥാസന്ദര്‍ഭം വന്നപ്പോള്‍ സിനിമാറ്റിക്കായി അതിനെ എങ്ങനെ ആവിഷ്‌കരിക്കാമെന്നു ശ്രമിച്ചുനോക്കിയെന്നേയുള്ളൂ. സ്വാഭാവികമായി അത് സ്ത്രീപക്ഷമായിത്തീരും.
എന്നാല്‍ അതിന് നഗ്‌നതയെ ഒരിക്കലും ഒരു ഉപാധിയായി ഉപയോഗിച്ചിട്ടേയില്ല സിനിമയില്‍. സിനിമ കണ്ടവര്‍ക്കറിയാം, എത്രത്തോളം മാന്യമായിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് വക്കീലന്മാരും പ്രതികളും കാഴ്ചക്കാരുമടങ്ങുന്ന വന്‍ താരനിരയ്ക്കു നടുവിലാണ് അത്തരമൊരു ചിത്രീകരണം എന്നു കൂടി കണക്കിലെടുക്കണേ. സകുടുംബം കാണാന്‍ സാധിക്കാത്ത ഒരു രംഗം പോലും എന്റെ ചിത്രത്തിലുണ്ടാവരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്,’ എബ്രിഡ് ഷൈന്‍ പറഞ്ഞു.