കണ്ണൂർ സ്‌ക്വാഡിന് ശേഷം റോണി ഡേവിഡ് എന്ന നടനെ കേന്ദ്ര കഥാപാത്രമാക്കിയ ചിത്രമാണ് ‘പഴഞ്ചൻ പ്രണയം’. റോണി ഡേവിഡിനെയും വിൻസിയെയും പ്രധാന കഥാപാത്രങ്ങളാക്കി ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രം നവംബർ 24നാണ് തിയേറ്ററിലെത്തിയത്. പഴഞ്ചനായ മോഹന്റെ ജീവിതത്തിലേക്ക് മായ എന്ന സാധാരണ പെൺകുട്ടി കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വീട്ട് ജോലിക്കാരിയായ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിൻസി അലോഷ്യസാണ്.
40 വയസ്സിന് മുകളിലുള്ള ആണുങ്ങൾക്ക് കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല എന്നതും ചിത്രത്തിലെ പ്രധാന വിഷയമാണ്. അപകടത്തിൽ മോഹന്റെ അമ്മ മരിച്ചതിന് ശേഷം അച്ഛന്റെ ഓർമ പോയിരുന്നു. അതിന് ശേഷം സംസാരിക്കാതായ അച്ഛനെ നോക്കാനായി അധ്യാപനത്തിലും നിന്നും ലോങ്ങ് ലീവെടുത്ത മോഹന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന നായികയാണ് മായ.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരച്ഛന്റെയും മകന്റെയും സ്നേഹം വളരെ വ്യത്യസ്തമായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. വലിയ അത്ഭുതങ്ങളോ അവകാശവാദങ്ങളോ ഇല്ലാത്ത ചെറിയൊരു ചിത്രമാണ് പഴഞ്ചന്‍ പ്രണയം. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തീര്‍ത്തും സാധാരണമായ കഥയും കഥാപശ്ചാതലവും പറഞ്ഞു പോകുന്നു.
കാര്യമായ ട്വിസ്റ്റുകളൊന്നും ഇല്ലെങ്കിലും കണ്ടിരിക്കാവുന്ന ഫീല്‍ഗുഡ് മൂവി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണിത്. പടത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഇപ്പോഴത്തെ ന്യൂജൻ പ്രണയത്തിൽ നിന്നും വളരെ വ്യത്യസ്തമായ പ്രണയമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. പണവും പ്രതാപവും ഉള്ള ഒരാളെ കണ്ടെത്താൻ എളുപ്പമാണെന്നും എന്നാൽ നല്ല മനസുള്ള ഒരാളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും മായ അവസാനം തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്.
കണ്ണൂർ സ്‌ക്വാഡിന് ശേഷം റോണി ഡേവിഡും കൂടെ അസീസ് നെടുമങ്ങാടും ഒരുമിച്ചെത്തുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം. മണിയൻ ഈച്ച എന്ന പണത്തിന് വേണ്ടി ഏത് നാറ്റ കേസും എടുക്കുന്ന ഒരു ബ്രോക്കറിന്റെ കഥാപാത്രമാണ് അസീസ്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് കുടുംബത്തിനായി ജീവിക്കുന്ന നാട്ടുംപുറത്തുകാരിയായ മായയെയാണ് വിൻസി അവതരിപ്പിക്കുന്നത്.
ബി.കെ. ഹരിനാരായണനും അന്‍വര്‍ അലിയുമെഴുതിയ വരികൾക്ക് സതീഷ് രഘുനാഥന്റെ സംഗീതവും വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍, ഷഹബാസ് അമന്‍, കാര്‍ത്തിക വൈദ്യനാഥന്‍, കെ.എസ് ചിത്ര, മധുബാലകൃഷ്ണന്‍ എന്നിവരുടെ ആലാപനവും ചേര്‍ന്ന് സംഗീത സാന്ദ്രമാണ് സിനിമ.
കിരണ്‍ലാലിന്റെ ആദ്യ സ്വതന്ത്ര രചനയാണ് പഴഞ്ചന്‍ പ്രണയം. നവാഗതനാണ് സംവിധായകനായ ബിനീഷ് കളരിക്കല്‍. ഇതിഹാസ മൂവീസിന്റെ ബാനറില്‍ വൈശാഖ് രവിയും സ്റ്റാന്‍ലി ജോഷ്വയും ചേർന്നാണ് ചിത്രം നിർമിച്ചത്.
Content Highlight: About the movie pazhanchan pranayam