റാഷിദ് ഖാനെ കണ്ടാൽ ഇവന് ഭ്രാന്താണ്! സഞ്ജുവിന്റെ റെക്കോഡിനൊപ്പം ഇനി ഇവനും; മുന്നിൽ ഗെയ്ൽ മാത്രം
Cricket
റാഷിദ് ഖാനെ കണ്ടാൽ ഇവന് ഭ്രാന്താണ്! സഞ്ജുവിന്റെ റെക്കോഡിനൊപ്പം ഇനി ഇവനും; മുന്നിൽ ഗെയ്ൽ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2024, 8:35 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് തകര്‍ത്തു വിട്ടത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഹൈദരാബാദ് ബാറ്റിങ്ങില്‍ 20 പന്തില്‍ 29 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പാണ് അഭിഷേക് ശര്‍മ നടത്തിയത്. രണ്ടു വീതം ഫോറും സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ശര്‍മ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ റാഷിദ് ഖാനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് അഭിഷേക് നടന്നുകയറിയത്. അഞ്ച് സിക്‌സുകളാണ് താരം അഫ്ഗാന്‍ സ്പിന്നര്‍ക്കെതിരെ നേടിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ റാഷിദ് ഖാനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ആണ്. ഏഴ് സിക്‌സുകളാണ് ഗെയ്ല്‍ റാഷിദിനെതിരെ നേടിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ റാഷിദ് ഗാനെതിരെ ഏറ്റവും കൂടുതല്‍ ഫിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ക്രിസ് ഗെയ്ല്‍-7

അഭിഷേക് ശര്‍മ-5

ഷിര്‍മോണ്‍ ഹെറ്റ്‌മെയ്ര്‍-5

ഷെയ്ന്‍ വാട്‌സണ്‍-5

സഞ്ജു സാംസണ്‍-5

അമ്പാട്ടി റായ്ഡു-5

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 36 പന്തില്‍ 45 റണ്‍സും നായകന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

അതേസമയം ഏപ്രില്‍ നാലിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Abhishek sharma great performance against GT