ഇസ്‌ലാമാബാദ്: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സമാധന ശ്രമങ്ങള്‍ക്ക് വേണ്ടി പൈലറ്റിനെ വിട്ടു നല്‍കുമെന്ന് അറിയിച്ചത്.
പാക് പാര്‍ലമെന്റ് ഇമ്രാന്‍ഖാന്റെ പ്രഖ്യാപനത്തെ അംഗീകരിച്ചുവെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടി നശിക്കുന്നത് തെറ്റായ കണക്ക്കൂട്ടലുകളുടെ ഫലമായാണെന്നുള്ള കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇമ്രാന്‍ഖാന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യയില്‍ നിലവിലത്തെ സര്‍ക്കാരിന്റെ യുദ്ധാക്രോശത്തെ ആ രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
BREAKING: Indian pilot to be released tomorrow as a peace gesture, says PM Khan in joint session of Parliament https://t.co/LZ3mOcDfNz
— Dawn.com (@dawn_com) February 28, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള നീക്കമായാണ് അഭിനന്ദന്റെ മോചനം വിലയിരുത്തപ്പെടുന്നത്.
അഭിനന്ദനെ നിരുപാധികം വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായകരമാകുമെങ്കില്‍ ഇന്ത്യന്‍ വൈമാനികനെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈഷിയും വ്യക്തമാക്കിയിരുന്നു.