മലയാളസിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്റെ ക്യാരക്ടര്‍ റിവീലിങ് ക്യാമ്പയിന്‍ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ലൂസിഫറിലെ ചില കഥാപാത്രങ്ങളോടൊപ്പം പുതിയ കഥാപാത്രങ്ങളും എമ്പുരാനില്‍ എത്തുന്നുണ്ട്. ഇതില്‍ ഒരുപാട് വിദേശതാരങ്ങളും ഭാഗമാകുന്നുണ്ട്.
ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയ ക്യാരക്ടര്‍ പോസ്റ്ററുകളിലൊന്നായിരുന്നു അഭിമന്യു സിങ്ങിന്റേത്. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ വില്ലനായി പലപ്പോഴും ഞെട്ടിച്ച അഭിമന്യു സിങ്ങിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ് എമ്പുരാന്‍. ബല്‍രാജ് എന്ന കഥാപാത്രത്തെയാണ് അഭിന്യു സിങ് എമ്പുരാനില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് അഭിമന്യു സിങ്.2025ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് എമ്പുരാനെ വിശേഷിപ്പിക്കാന്‍ സാധിക്കുമെന്ന് അഭിമന്യു സിങ് പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകന്‍ ഓരോ ഷോട്ടും എടുക്കുന്നത് വളരെ ഡെഡിക്കേഷനോടെയാണെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു.
ഓരോ സീനും പൃഥ്വി ഡിസൈന്‍ ചെയ്ത രീതി അമ്പരപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ സിനിമ എന്നതിലുപരി ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയാണെന്നും അഭിമന്യു പറഞ്ഞു. മോഹന്‍ലാലുമായി തനിക്ക് ആകെ ഒരു സീനില്‍ മാത്രമേ കോമ്പിനേഷനുള്ളൂവെന്നും വളരെ വലിയൊരു നടനാണ് മോഹന്‍ലാലെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ വെറുതേ നോക്കി നിന്നാല്‍ തന്നെ പലതും പഠിക്കാന്‍ സാധിക്കുമെന്നും എഫര്‍ട്ട്‌ലെസ്സായിട്ടുള്ള നടനാണ് മോഹന്‍ലാലെന്നും അഭിമന്യു പറയുന്നു. സെറ്റില്‍ തന്നെ കംഫര്‍ട്ടാക്കിയത് മോഹന്‍ലാലാണെന്നും അഭിമന്യു സിങ് പറഞ്ഞു. ഐ ഡ്രീം മീഡിയയോട് സംസാരിക്കുകയായിരുന്നു അഭിമന്യു സിങ്.
‘2025ലെ ഏറ്റവും വലിയ ബജറ്റുള്ള ഇന്ത്യന്‍ സിനിമയെന്ന് എമ്പുരാനെ വിശേഷിപ്പിക്കാം. ഓരോ സീനിലും ആ ബജറ്റിന്റെ ക്വാളിറ്റി നമുക്ക് കാണാന്‍ സാധിക്കും. പൃഥ്വിരാജ് എന്ന സംവിധായകന്‍ എടുത്തുവെച്ചിരിക്കുന്ന ഓരോ ഷോട്ടും മനോഹരമാണ്. അതിലെല്ലാം അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ നമുക്ക് കാണാന്‍ സാധിക്കും.
ഇന്ത്യന്‍ സിനിമ എന്നതിനെക്കാള്‍ ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയാണ് എമ്പുരാന്‍ കാണുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യുന്നത്. വളരെ കുറച്ച് സമയമുള്ള ടീസറില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. ഈ സിനിമയില്‍ എനിക്ക് ലാല്‍ സാറുമായി ഒരൊറ്റ സീനില്‍ മാത്രമേ കോമ്പിനേഷനുള്ളൂ.
അത്രയും വലിയ നടന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, ലാല്‍ സാര്‍ എന്നെ കംഫര്‍ട്ടാക്കി. അദ്ദേഹം വെറുതേ നില്‍ക്കുന്നത് കണ്ടാല്‍ തന്നെ നമുക്ക് അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും. എഫര്‍ട്ട്‌ലെസ്സായിട്ടുള്ള നടനാണ് അദ്ദേഹം,’ അഭിമന്യു സിങ് പറഞ്ഞു.
Content Highlight: Abhimanyu Singh shares the experience with Mohanlal in Empuraan