കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.
എന്നാല്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അല്‍ നസറിന്റെ ഇതിഹാസ താരമായ ഹുസൈന്‍ അബ്ദുല്‍ ഗനി. റൊണാള്‍ഡോ അല്‍ നസറില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായിപ്പോയെന്നും റൊണാള്‍ഡോയെ കൊണ്ട് അല്‍ നസറിന് ഗുണങ്ങളൊന്നുമില്ലെന്നുമാണ് അബ്ദുല്‍ ഗനി അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘റൊണാള്‍ഡോയെ കൊണ്ട് അല്‍ നസറിന് ഗുണമൊന്നുമില്ല. മാര്‍ക്കറ്റിങ് ടെക്ക്‌നിക്കല്‍ രീതികള്‍ വിശകലനം ചെയ്യുമ്പോള്‍ റൊണാള്‍ഡോ അല്‍ നസറില്‍ സൈന്‍ ചെയ്യേണ്ടെന്നായിരുന്നു എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. റൊണാള്‍ഡോയെ സൈന്‍ ചെയ്യാനുള്ള തീരുമാനം പാളിപ്പോയി,’ ഹുസൈന്‍ അബ്ദുല്‍ ഗനി പറഞ്ഞു.
അല്‍ നസറിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെങ്കിലും റൊണാള്‍ഡോ മികച്ച താരമാണെന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റൊണാള്‍ഡോ ഒരു ഇതിഹാസവും മികച്ച പ്ലെയറുമാണ്. എന്നാല്‍ നിരവധി ഓഫര്‍ കണ്‍മുന്നിലുള്ളപ്പോള്‍ അല്‍ നസറിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിപ്പോയി,’ അബ്ദുല്‍ ഗനി പറഞ്ഞു.
അതേസമയം, ഫുട്‌ബോളില്‍ തന്റെ 38ാം വയസിലും റെക്കോഡുകള്‍ അടിച്ചെടുത്ത് ചരിത്രം കുറിക്കുകയാണ് റൊണാള്‍ഡോ. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്. യൂറോ 2024 ക്വാളിഫയേഴ്സില്‍ ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.