ആശിർവാദ് വനിതാ പാചകറാണി മത്സരം; ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തിൽ നിന്നൊരു ഫൈനലിസ്റ്റ്
Kerala News
ആശിർവാദ് വനിതാ പാചകറാണി മത്സരം; ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തിൽ നിന്നൊരു ഫൈനലിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2025, 5:27 pm

കൊച്ചി: ആശിർവാദ് വനിതാ പാചകറാണി മത്സരത്തിൽ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തിൽ നിന്നൊരു ഫൈനലിസ്റ്റ്. വെട്ടക്കുറുമ പാചക കലാകാരിയായ (Tribal Culinary Artist) ച്യേമി ചീങ്കീറ്ൾ (മോളി സി) ആണ് കേരളത്തിലെ ഏറ്റവും വലിയ പാചകം മത്സരമായ ആശിർവാദ് വനിതാ പാചകറാണി മത്സരത്തിൽ സെമിഫൈനൽ വിഭാഗത്തിൽ വിജയിച്ചത്. ഇതോടെ ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുവാനുള്ള അവസരം ച്യേമിയ്ക്ക് ലഭിച്ചിരിക്കുകയാണ്.

കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിങ്ങനെ ആറ് വടക്കൻ ജില്ലകളിൽ നിന്നും വിജയികളായി വന്നിട്ടുള്ള 15 പാചക വിദഗ്ധകളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. സതേൺ മേഖലയിൽ മൂന്നുപേരിൽ ഒരാളായി സെമിഫൈനലിൽ വിജയിക്കുക എന്നത് വലിയ ഒരു നേട്ടമാണ്.

നീലഗിരി ഗോത്രബെൽറ്റിലെ ആർട്ടിസാൻ ഗോത്രമായ ബെട്ടക്കുറുബ ഗോത്രാംഗമാണ് ച്യേമി. കൈവേലയിലും മുള, മാനിപ്പുല്ല് നിർമിതിയിലും ചക്രരഹിത പോട്ടെറിയിലും വിദഗ്ദകൂടിയാണ് ച്യേമി. വ്യത്യസ്തമായ തേൻ ശേഖരണത്തിൽ ചെറുപ്പം മുതലേ അറിവ് നേടിയിട്ടുമുണ്ട്.

വ്യത്യസ്ത തേനുകൾ ശേഖരിയ്ക്കുവാനും പാകപ്പെടുത്തുവാനും അവയുടെ ഗുണ വ്യത്യാസങ്ങൾ തിരിച്ചറിയുവാനും സാധിക്കുന്ന ച്യേമിക്ക് , ‘ച്യേമിയുടെ തേൻകട’ എന്ന പേരിൽ ഒരു വനിതാ സംരംഭക സ്ഥാപനവും ഉണ്ട്. മികച്ച തേനുകൾ വിപണിയിലെത്തിയ്ക്കുന്ന ച്യേമിയുടെ തേൻ കട കേരളത്തിലെ തേൻപ്രേമികൾക്ക് പ്രിയങ്കരമാണ്.

ഗോത്രവർഗ്ഗ പാചകത്തിൽ അതീവ നിപുണയായ ച്യേമി ചീങ്കീറ്ൾ അനവധി തനത് ഭക്ഷണ മേളകളിലെ തിളങ്ങുന്ന താരമാണ്. ഈ മേഖലയിൽ വിവിധ പരിശീലനങ്ങളും ച്യേമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഉറവ്, കിർടാഡ്സ്സ്, പെരിപെറ്റെറ്റിക് വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥപനങ്ങൾക്കെല്ലാം അവർ രുചിയറിവുകൾ പകർന്നു കൊടുക്കുകയും ചെയ്യാറുണ്ട്.

ഗദ്ദിക, പൈതൃകോത്സവം, നെറതിങ്ക, കേരളീയം തുടങ്ങി കേന്ദ്ര- കേരള മന്ത്രാലയങ്ങളുടെ അനവധി ദേശീയോത്സവങ്ങളിൽ ച്യേമി തന്റെ പാചകമികവ് കാഴ്ചവെച്ചിട്ടുണ്ട്.

ഒഡീഷ, ദൽഹി തുടങ്ങി അനവധി വേദികളിൽ സ്പർശ്യേതര സംസ്കാര അവതരണങ്ങളിലും വംശീയക്യുസിനിലും പ്രകടനങ്ങൾ കാഴ്ചവെച്ചു.
പ്രകൃതിയോട് ചേർന്ന തനത് രുചിയറിവുകളിലൂടെയും തേനറിവിലൂടെയും ഭക്ഷണപ്രേമികൾക്ക് പ്രിയങ്കരിയായി മാറി. ബെട്ടക്കുറുബഭാഷയിൽ നിപുണയായ ച്യേമി കഴിഞ്ഞ് 25 വർഷമായി പാചകജോലിയാണ് ചെയ്യുന്നത്. മുഖ്യധാര പാചക മത്സരങ്ങളിൽ ഏറ്റവും പ്രബലമായ പാചക മത്സരമാണ് വനിതാ മാഗസിനും ആശീർവാദ് ആട്ട കമ്പനിയിൽ ചേർന്ന നടത്തുന്ന വനിതാ പാചകറാണി മത്സരം.

ഇതിൻറെ ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിൽ നിന്നും 15 മത്സരാർഥികളാണ് പാചകറാണി ടൈറ്റിലിനായി മത്സരിക്കുന്നത്. ഈ പരിപാടിക്ക് സ്റ്റൗവും വർക്ക്ടേബിളും വനിത നൽകും എന്നാൽ പാചകത്തിന് ആവശ്യമായ ചേരുവകളും പാകം ചെയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ കൊണ്ടു വരണം.

രുചി, അവതരണം , പ്രായോഗികത (practicality), പുതുമ, വൃത്തി എന്നിവ കണക്കിലെടുത്താണ് വിധിനിർണയം നടത്തുന്നത്. സെമിഫൈനലിൽ മത്സരിക്കുവാൻ തന്നെ സാധനസാമഗ്രികൾ ശേഖരിക്കുവാൻ വയനാട്ടിൽ പോകാനും അവ ശേഖരിച്ചു കൊണ്ടുവരാനും പരിപാടിയിൽ മറ്റു കാര്യങ്ങൾ ഒരുക്കാനും ച്യേമി തന്നെയാണ് പരിശ്രമിച്ചത്.

സർക്കാർ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥന്മാരുടെ സേവനം ഇതിനായി നൽകി. ച്യേമിയ്ക്ക് തികയാതെ വന്ന പണം വകുപ്പിലെ ഉദ്യോഗസ്ഥന്മാർ തന്നെയാണ് നൽകിയത്. ഇപ്പോൾ ഗ്രാൻഡ്ഫിനാലയിൽ മത്സരിക്കുവാനുള്ള സുവർണ അവസരമാണ് ലഭിച്ചിരിക്കുന്നത് . കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ റെനെ കൊച്ചിൻ വച്ചാണ് ഈ പരിപാടിയുടെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത്.

 

Content Highlight: Aashirvad Women’s Chef Competition; A finalist from a tribal category for the first time in history