ഗുജറാത്തില്‍ ബി.ജെ.പി പന്ന പ്രമുഖ് വരെ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു: ആപ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
national news
ഗുജറാത്തില്‍ ബി.ജെ.പി പന്ന പ്രമുഖ് വരെ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു: ആപ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 9:00 am

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നുകളുമായി മുന്നണികള്‍ സജീവമാണ്. പഞ്ചാബില്‍ സംഭവിച്ചതുപോലെ ഒരു അട്ടമറിക്കായി ആം ആദ്മി പാര്‍ട്ടിയും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും കരുത്ത് കാട്ടാന്‍ കോണ്‍ഗ്രസും ഇറങ്ങുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ഗുജറാത്തില്‍ കളമൊരുങ്ങുന്നത്.

ഗുജറാത്തിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഇസ്ദുന്‍ ഗദ്‌വിയെ കളത്തിലിറക്കിയാണ് അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്തില്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ചൂസ് യുവര്‍ സി.എം ക്യാമ്പെയ്‌നിലൂടെയാണ് ഗദ്‌വിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആപ് തെരഞ്ഞെടുത്തത്.

സംസ്ഥാനത്ത് മികച്ച പ്രതിച്ഛായയുള്ള നേതാക്കളില്‍ ഒരാളാണ് ഇസ്ദുന്‍ ഗദ്‌വി. അതിനാല്‍ തന്നെ പഞ്ചാബില്‍ സംഭവിച്ച ഭരണമാറ്റം ഗുജറാത്തിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആപ്പും കെജ്‌രിവാളും കണക്കുകൂട്ടുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുക്കവെ സംസ്ഥാനത്ത് ബി.ജി.പി പ്രവര്‍ത്തകര്‍ പോലും ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഭരണമാറ്റം ഉറപ്പാണെന്നുമാണ് ഗദ്‌വി പറയുന്നത്.

ഡെക്കാന്‍ ഹെറാള്‍ഡിലെ സതീഷ് ഝാക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗദ്‌വി വിജയപ്രതീക്ഷകള്‍ പങ്കുവെക്കുന്നത്.

‘ഗുജറാത്തില്‍ ബി.ജി.പിക്ക് ജനപ്രീതി നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ക്കൊരു ബദലായി മാറാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. അവര്‍ക്കിവിടെ മികച്ച നേതാക്കള്‍ ഒന്നും അവശേഷിക്കുന്നില്ല, അതുകൊണ്ടു തന്നെ ആം ആദ്മി പാര്‍ട്ടിയുടെ ജനസ്വീകാര്യതയുടെ ഗ്രാഫ് മുകളിലേക്ക് കുതിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ആളുകള്‍ക്കിടയില്‍ മതിപ്പുളവാക്കുകയും ഞങ്ങള്‍ക്കൊപ്പം ചേരുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 52,000 പോളിങ് ബൂത്തുകളാണ് ഉള്ളത്. വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലേക്കെത്തിക്കാനും വേണ്ട രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഞങ്ങള്‍ ഇതിനോടകം തന്നെ 45,000 ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 5,000 കമ്മിറ്റികള്‍ കൂടി ഉടന്‍ സജ്ജമാക്കും.

നിരവധി ബി.ജെ.പി പന്ന പ്രമുഖ് ഞങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിനെ അലട്ടുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്കൊപ്പം അഴിമതിയും ഉയര്‍ന്ന പണപ്പെരുപ്പവും കുറക്കാന്‍ ബി.ജെ.പിയെ പുറത്താക്കണം എന്നാണ് ഞങ്ങള്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്,’ ഗദ്‌വി പറയുന്നു.

രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്ന്, അഞ്ച് തീയ്യതികളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

 

Content Highlight: AAP’s CM candidate says In Gujarat, BJP panna pramukhs are also working for AAP