ലുധിയാന: എ.എ.പി കര്‍ഷകനേതാവ് തര്‍ലോചന്‍ സിങ്ങിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ലുധിയാനയിലെ ഖന്ന സബ് ഡിവിഷനിലെ ഇക്കോലോഹ ഗ്രാമത്തിലാണ് സംഭവം. തര്‍ലോചന്‍ സിങ്ങിനെ അജ്ഞാത സംഘമാണ് വെടിവെച്ചുകൊന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഫാമില്‍ നിന്നും മടങ്ങിയ തര്‍ലോചന്‍ സിങ്ങിനെ വൈകിട്ട് ആറേ മുക്കാലോടുകൂടി ഇക്കലോഹ ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് ഖന്ന എസ്.എസ്പി അശ്വിനി ഗോത്യാല്‍ പറഞ്ഞത്. വെടിയേറ്റ് മരിച്ചതാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ദൃശ്യത്തില്‍ അക്രമികളില്‍ ഒരാള്‍ തര്‍ലോചന്‍ സിങ്ങിനെ വഴിതെറ്റിക്കുന്നതായും വെടിയുതിര്‍ക്കുന്നതായും കണ്ടതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ തര്‍ലോചന്‍ സിങ്ങിന് തലയിലുള്‍പ്പെടെ മൂന്ന് വെടിയേറ്റതായും സംഭവസ്ഥലത്തുനിന്നും മൂന്ന് ബുള്ളറ്റുകള്‍ കണ്ടെടുത്തതായും എസ്.എസ്പി പറഞ്ഞു.
റോഡരികില്‍ വെടിയേറ്റു കിടന്ന തര്‍ലോചന്‍ സിങ്ങിനെ അദ്ദേഹത്തിന്റെ മകനും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിതാവിന്റെ കൊലപാതകത്തിന് കാരണം ചിലര്‍ക്ക് പിതാവിനോടുള്ള വൈരാഗ്യമാണെന്നാണ് മകന്‍ ഹര്‍പ്രീത് സിങ്ങ് ആരോപിക്കുന്നത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് പിതാവിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നും പ്രതികളെ എത്രയും പെട്ടന്നുതന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ഹര്‍പ്രീത് സിങ്ങ് പറഞ്ഞു.
ശിരോമണി അകാലിദളുമായി ബന്ധമുണ്ടായിരുന്ന തര്‍ലോചന്‍ സിങ്ങ് 2022 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മിയില്‍ ചേരുകയായിരുന്നു.
Content Highlight: AAP leader shot dead; the police said that an unknown group was behind it