Advertisement
Entertainment
എന്നെക്കാള്‍ നന്നായി സല്‍മാന്‍ ഖാന്‍ ചെയ്യുമെന്ന് പറഞ്ഞ് ആ സിനിമ ഞാന്‍ ഒഴിവാക്കി, അയാളുടെ കരിയറിലെ വലിയ ഹിറ്റായി: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 05:13 am
Wednesday, 12th March 2025, 10:43 am

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

കരിയറില്‍ താന്‍ ഒഴിവാക്കിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ബജ്‌രംഗി ഭായ്ജാന്‍ എന്ന സിനിമയുടെ കഥ ആദ്യം തന്നോടാണ് പറഞ്ഞതെന്ന് ആമിര്‍ ഖാന്‍ പറയുന്നു. അതിന്റെ റൈറ്റര്‍ തന്നോട് കഥ പറഞ്ഞെന്നും തനിക്ക് ആ കഥ വളരെയധികം ഇഷ്ടമായെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ആ വേഷം തന്നെക്കാള്‍ നന്നായി സല്‍മാന് ഇണങ്ങുമെന്ന് തോന്നിയെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം താന്‍ ആ റൈറ്ററോട് പറഞ്ഞെന്നും സല്‍മാനെ വെച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തന്നെ വെച്ച് ചെയ്യാന്‍ ഉദ്ദേശിച്ച് സംവിധായകന്‍ കബീര്‍ ഖാനെ സമീപിച്ചെന്നും അദ്ദേഹവും സല്‍മാന്റെ പേര് നിര്‍ദേശിച്ചെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ ചിത്രം സല്‍മാന്‍ ഖാനെ വെച്ച് ചെയ്‌തെന്നും അയാളുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയെന്നും ആമിര്‍ പറഞ്ഞു.

‘ഒരുപാട് സിനിമകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. അതിലൊന്നാണ് ബജ്‌രംഗി ഭായ്ജാന്‍. അതിന്റെ റൈറ്റര്‍ ആദ്യം എന്നെ സമീപിക്കുകയായിരുന്നു. എനിക്ക് ആ കഥ വളരെയധികം ഇഷ്ടപ്പെട്ടു. എന്നാല്‍ എന്നെക്കാള്‍ നന്നായി ആ വേഷം സല്‍മാന്‍ ഖാന് ഇണങ്ങുമെന്ന് തോന്നി. ഈ കഥ അയാളോട് പറയൂ എന്ന് പറഞ്ഞ് ആ റൈറ്ററെ പറഞ്ഞുവിട്ടു.

എന്നാല്‍ അയാള്‍ക്ക് എന്നെ വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. സംവിധായകന്‍ കബീര്‍ ഖാനോടും അയാള്‍ കഥ പറഞ്ഞു. കബീറിന്റെ അഭിപ്രായത്തിലും സല്‍മാനാണ് ആ വേഷം ഇണങ്ങുക എന്ന് വന്നതോടെ ആ പടം സല്‍മാന്‍ ഖാനെ വെച്ച് ചെയ്തു. സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ബജ്‌രംഗി ഭായ്ജാന്‍ മാറി,’ ആമിര്‍ ഖാന്‍ പറയുന്നു.

ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന സിതാരേ സമീന്‍ പര്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. മൂന്ന് വര്‍ഷത്തോളം ഇടവേളയെടുത്തതിന് ശേഷമാണ് ആമിര്‍ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്. ജെനീലിയ ദേശ്മുഖാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aamir Khan saying he rejected the script of Bajrangi Bhaijaan movie